രാജ്യത്തിനു വേണ്ടി ഡല്‍ഹി അതിരൂപതയുടെ പ്രാര്‍ത്ഥനായജ്ഞം

പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഭാരതത്തിനും അതിലെ നേതാക്കള്‍ക്കും വേണ്ടി ഡല്‍ഹി അതിരൂപതയില്‍ പ്രാര്‍ത്ഥനയും ഉപവാസവും നടത്തുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഇടയലേഖനത്തിലൂടെ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ അതിരൂപതാംഗങ്ങള്‍ക്കു നല്‍കി. രാഷ്ട്രീയമായി പ്രക്ഷുബ്ധമായ കാലഘട്ടത്തിനു നാം സാക്ഷ്യം വഹിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുന്ന സാഹചര്യമുണ്ടെന്നും ഇടയലേഖനത്തില്‍ ആര്‍ച്ചുബിഷപ് സൂചിപ്പിച്ചു. മെയ് 13-ന് അതിരൂപതയിലെ ഇടവകകളില്‍ വായിക്കപ്പെട്ട ഇടയലേഖനത്തില്‍ രാജ്യത്തിനും നേതാക്കള്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു നിര്‍ദ്ദേശിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് ആഗതമാകുന്ന ഘട്ടത്തില്‍ പ്രാര്‍ത്ഥനകള്‍ കൂടുതല്‍ അനിവാര്യമാണ്.

ഇന്ത്യ ഭരിക്കുന്ന ബിജെപി സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചുവര്‍ഷത്തെ ഭരണകാലാവധി 2019 മെയ് മാസത്തില്‍ അവസാനിക്കുകയാണ്. 2019 ലെ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ പുതിയ സര്‍ക്കാര്‍ രൂപീകൃതമാകുന്നതിനും രാജ്യത്തിന്‍റെ ശ്രേയസ്സിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആര്‍ച്ചു ബിഷപ് അനില്‍ കുട്ടോ ആഹ്വാനം ചെയ്തു. മെയ് 13 മുതല്‍ പ്രാര്‍ത്ഥനകള്‍ ആരംഭിക്കണമെന്നും പരി. മാതാവിന്‍റെ വിമലഹൃദയത്തിന് തങ്ങളെത്തന്നെയും രാജ്യത്തെയും സമര്‍പ്പിക്കണമെന്നും ഇടയ ലേഖനത്തില്‍ ആര്‍ച്ചുബിഷപ് നിര്‍ദ്ദേശിച്ചു. എല്ലാ വെള്ളിയാഴ്ച കളിലും ഉപവാസവും ഒരുമണിക്കൂര്‍ ആരാധനയും നടത്തണം. വെള്ളിയാഴ്ചകളില്‍ ഒരു നേരമെടുത്ത് പ്രായശ്ചിത്തത്തിന്‍റെയും സഹനത്തിന്‍റെയും അരൂപിയില്‍ ആത്മീയ നവീകരണത്തിനും രാജ്യത്തിന്‍റെ ശ്രേയസ്സിനുമായി പ്രാര്‍ത്ഥിക്കണമെന്നും ഇടയലേഖനത്തില്‍ ആര്‍ച്ചുബിഷപ് അനില്‍ കുട്ടോ ആഹ്വാനം ചെയ്തു. ആരാധനയില്‍ രാജ്യത്തിനുവേണ്ടി ചൊല്ലാനുള്ള പ്രാര്‍ത്ഥനയും തയ്യാറാക്കി നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org