പ്രാര്‍ത്ഥനയും ദരിദ്രസേവനവും അഭേദ്യം : മാര്‍പാപ്പയുടെ ദരിദ്രദിന സന്ദേശം

പ്രാര്‍ത്ഥനയും ദരിദ്രസേവനവും അഭേദ്യം : മാര്‍പാപ്പയുടെ ദരിദ്രദിന സന്ദേശം
Published on

പ്രാര്‍ത്ഥനയും ദരിദ്രര്‍ക്കുവേണ്ടിയുള്ള സേവനവും അഭേദ്യമായ കാര്യങ്ങളാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. പ്രാര്‍ത്ഥനയ്ക്കായി നീക്കിവയ്ക്കുന്ന സമയം, സഹായമര്‍ഹിക്കുന്ന അയല്‍ക്കാരെ അവഗണിക്കുന്നതിനുള്ള ഒഴികഴിവാകരുതെന്നു പാപ്പാ വ്യക്തമാക്കി. നവംബര്‍ 15-നു ലോകവ്യാപകമായി ആചരിക്കുന്ന ലോക ദരിദ്രദിനത്തിനു വേണ്ടി പുറപ്പെടുവിച്ച ആശംസാസന്ദേശത്തിലാണു മാര്‍പാപ്പയുടെ ഈ പരാമര്‍ശം. "ദരിദ്രരിലേയ്ക്കു നിങ്ങളുടെ കരങ്ങള്‍ നീട്ടുക" എന്നതാണ് ദരിദ്രദിനാചരണത്തിന്റെ പ്രമേയം. മാര്‍പാപ്പയുടെ സന്ദേശത്തില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ ഫലമായ പ്രശ്‌നങ്ങളേയും ദാരിദ്ര്യത്തേയും കുറിച്ച് ദീര്‍ഘമായ പരാമര്‍ശങ്ങളുണ്ട്.

ബലഹീനരെ പിന്തുണയ്ക്കുകയും മുറിവേറ്റവരെ ആശ്വസിപ്പിക്കുകയും സഹനം ലഘൂകരിക്കുകയും ഭഞ്ജിക്കപ്പെട്ട അന്തസ്സ് പുനഃസ്ഥാപിക്കുകയും ചെയ്യുന്നത് സമ്പൂര്‍ണമായ മനുഷ്യജീവന്റെ ഒരു അവശ്യ ഉപാധിയാണ് – മാര്‍പാപ്പ എഴുതുന്നു. ദരിദ്രരില്‍ ദൃഷ്ടിയുറപ്പിച്ചു നിറുത്തുക ദുഷ്‌കരമാണ്. എന്നാല്‍, നമ്മുടെ വ്യക്തിജീവിതത്തിനും സമൂഹജീവിതത്തിനും ശരിയായ ദിശ നല്‍കുന്നതിന് അത് വളരെയേറെ ആവശ്യവുമാണ്. ജീവിതത്തി ന്റെ ഭ്രാന്തമായ വേഗത മനുഷ്യരെ ഉദാസീനതയുടെ ചുഴലിക്കാറ്റിലേയ്ക്ക് വലിച്ചിടുന്നു. സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമേ അയല്‍വാസികളെ കാണാന്‍ നമ്മുടെ കണ്ണുകള്‍ പ്രാപ്തമാകുന്നുള്ളൂ – മാര്‍പാപ്പ വിശദീകരിച്ചു.

കോവിഡിന്റെ അനുഭവം നമ്മുടെ പല ധാരണകളേയും വെല്ലുവിളിച്ചുവെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നമ്മുടെ പരിമിതികളെ കുറിച്ചും സ്വാതന്ത്ര്യത്തിന്റെ പരിധികളെകുറിച്ചും നാം അവബോധമുള്ളവരായി. അതുകൊണ്ട് കൂടുതല്‍ ദരിദ്രരും സ്വയംപര്യാപ്തത കുറഞ്ഞവരുമായി നാം സ്വയം കാണുന്നു. തൊഴില്‍ നഷ്ടവും പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാനുള്ള അവസരമില്ലായ്മയും, മുമ്പു മുന്‍വിധിയോടെ കണ്ട പല കാര്യങ്ങളേയും പുതിയ വീക്ഷണകോണില്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ അയല്‍ക്കാരോടുള്ള ഉത്തരവാദിത്വബോധം നാം പുനരുജ്ജീവിപ്പിക്കുന്നില്ലെങ്കില്‍ ഗുരുതരമായ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികള്‍ മാറ്റമില്ലാതെ തുടരും – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org