പ്രതിഷേധ സമരത്തിന്‍റെ പേരില്‍ തെറ്റിദ്ധാരണ പരത്തുന്നു -കെ സി ബി സി

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് യാക്കോബായ സഭയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാകണം എന്നവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രതിഷേധമാര്‍ച്ചും സമ്മേളനവും ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണെന്ന വിധത്തില്‍ ചില സഭാവിരുദ്ധകേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. യാക്കോബായ ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ നിലനില്ക്കുന്ന വിശ്വാസപരവും അജപാലനപരവുമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം ചര്‍ച്ച് ആക്ട് നടപ്പാക്കി എല്ലാ ക്രിസ്തീയ വിഭാഗങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുകയെന്നതല്ല. സഭയുടെ ഹയരാര്‍ക്കിയും കെട്ടുറപ്പും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ രുപം കൊടുത്തിട്ടുള്ള ചര്‍ച്ച് ബില്‍ നിയമമാക്കണമെന്നത് ചില സഭാ വിരുദ്ധ കേന്ദ്രങ്ങളുടെ നിലപാടാണ്.

സഭയുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് നിലവില്‍ ഒരു നിയമവുമില്ല എന്ന പ്രചരണം തെറ്റാണ്. സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും ബാധകമാണ്. പ്രസ്തുത നിയമങ്ങള്‍ക്കനുസരിച്ചാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്. ഏതെങ്കിലും നിയമലംഘനമുണ്ടായാല്‍ ബന്ധപ്പെട്ട സഭാധികാരികളെയോ സിവില്‍ കോടതികളെയോ സമീപിച്ച് പരിഹാരം തേടുന്നതിനുള്ള സംവിധാനം ഇപ്പോള്‍തന്നെ നിലവിലുണ്ട്. അക്കാരണത്താല്‍, സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സുതാര്യമായും നീതിപൂര്‍വമായും കൈകാര്യം ചെയ്യുന്നതിനും, ദുരുപയോഗമോ, ദുര്‍ഭരണമോ ഉണ്ടായാല്‍ പരിഹാരമുണ്ടാക്കുന്നതിനും ഒരു പുതിയനിയമം വേണമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org