പ്രവാസി മലയാളികളുടെ പുനരധിവാസത്തിന് ചങ്ങനാശ്ശേരി അതിരൂപതയുടെ കര്‍മ്മപരിപാടി

ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തൊലേറ്റിന്‍റെ നേതൃത്വത്തില്‍ യു എ ഇ യിലെ പ്രവാസി അപ്പസ്തൊലേറ്റിലെ എക്സിക്യൂട്ടീവ് അംഗങ്ങളും സജീവ പ്രവര്‍ത്തകരുമായി ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം വീഡിയോ കോണ്‍ഫ്റന്‍സ് നടത്തി. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രവാസികള്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി അതിരൂപതാ പ്രവാസി അപ്പസ്തൊലേറ്റിന്‍റെ ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടിക്കളവും സന്നിഹിതനായിരുന്നു.

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ യു എ ഇ യിലെ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. എല്ലാ പ്രവാസി സഹോദരങ്ങളും ഓര്‍മ്മയിലുണ്ടെന്നും ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ പ്രത്യേകമായി എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ് പെരുന്തോട്ടം പറഞ്ഞു. ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിനു വേണ്ട വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പിതാവ് അറി യിച്ചു. തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങിയെത്തുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാന്‍ പ്രവാസി അപ്പസ്തൊലേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാര്‍ഷികരംഗം, ടൂറിസം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ഇത്തരക്കാരെ പുനരധിവസിപ്പിക്കുവാന്‍ ശ്രമിക്കും.

വിദേശത്തിനിന്നും മടങ്ങിയെത്തുന്നവര്‍ക്കു ക്വാറന്‍റൈന്‍ സൗകര്യം സര്‍ക്കാരുമായി ചേര്‍ന്ന് അതിരൂപത ഒരുക്കിയിട്ടുണ്ട്. ഇതിനായി അതിരൂപതയുടെ ആശുപത്രികളും ധ്യാനകേന്ദ്രങ്ങളും മറ്റും വിട്ടു നല്‍കിക്കഴിഞ്ഞു. നാട്ടിലുള്ള രോഗികളെയും പാവങ്ങളെയും സഹായിക്കാന്‍ ഇടവക വികാരിമാരുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ചങ്ങനാശ്ശേരി അതിരൂപത മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ 1 കോടി രൂപയോളം രൂപ ചെലവഴിച്ചുകഴിഞ്ഞതായും ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org