സമുദ്രജോലിക്കാര്‍ക്കായി പ്രാര്‍ത്ഥന തേടി വത്തിക്കാന്‍

നാവികര്‍, മത്സ്യബന്ധനത്തൊഴിലാളികള്‍, കപ്പല്‍ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നു വത്തിക്കാന്‍ സമഗ്രമനുഷ്യവികസനകാര്യാലയം അഭ്യര്‍ത്ഥിച്ചു. ലോകത്തിലെ ചരക്കുനീക്കത്തില്‍ 90% വും നിര്‍വഹിക്കുന്നത് സമുദ്രങ്ങളില്‍ ജോലി ചെയ്യുന്നവരാണെന്ന് കാര്യാലയം ഓര്‍മ്മിപ്പിച്ചു. നാം വേണ്ടത്ര മനസ്സിലാക്കുന്നില്ലെങ്കിലും നമ്മുടെ അനുദിനജീവിതത്തിന് കടല്‍ജോലിക്കാര്‍ അവശ്യമാണെന്നു കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍ 'സമുദ്ര ഞായറിനു' മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തില്‍ പറഞ്ഞു. നമ്മുടെ വീട്ടിലെ ടി വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഫോണ്‍, വാഹനങ്ങള്‍ക്കുള്ള ഇന്ധനം തുടങ്ങിയവയെല്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നമുക്കെത്തിച്ചു നല്‍കിയത് കടല്‍ജോലിക്കാരാണ്. അവരുടെ ശ്രേയസ്സിനെ കുറിച്ചു ചിന്തിക്കുക പ്രധാനപ്പെട്ട കാര്യമാണ്. പതിനഞ്ചു ലക്ഷത്തോളം മനുഷ്യരാണ് കടലുകളിലൂടെ ചുറ്റി സഞ്ചരിച്ചു ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. അവരെ ഓര്‍മ്മിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക – കാര്‍ഡിനല്‍ ടര്‍ക്സണ്‍ പറഞ്ഞു.

ഇടുങ്ങിയ മുറികളില്‍ ഒറ്റപ്പെട്ടു താമസിക്കേണ്ടി വരുന്നതുമൂലമുള്ള വിഷാദം, വൈകുന്ന ശമ്പളം, ചൂഷണം, ദുഷ്കരമായ തൊഴില്‍ സാഹചര്യങ്ങള്‍, കൊള്ളക്കാരുടേയും ഭീകരവാദികളുടേയും ആക്രമണഭീഷണി, വിശ്രമമില്ലായ്മ തുടങ്ങിയവയെല്ലാം കടല്‍ജോലിക്കാരുടെ ജീവിതത്തെ കഠിനമാക്കുന്നുണ്ടെന്നു കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. ചില അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പിലാക്കപ്പെട്ടത് അനേകം കപ്പലുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ നിയമവാഴ്ചയുടെ അഭാവം മുതലെടുത്ത് ജോലിക്കാരെ ചൂഷണം ചെയ്യുന്ന കപ്പലുടമകള്‍ ഇപ്പോഴുമുണ്ട് – കാര്‍ഡിനല്‍ പറഞ്ഞു.

സമുദ്രജോലിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും അജപാലനം നല്‍കുന്ന കത്തോലിക്കാസംഘടനയായ 'സമുദ്രപ്രേഷിതത്വത്തിന്‍റെ' പ്രവര്‍ത്തനങ്ങളെ കാര്‍ഡിനല്‍ ടര്‍ക്സണ്‍ ശ്ലാഘിച്ചു. ഈ സംഘടന രൂപീകൃതമായതിന്‍റെ ശതാബ്ദിവര്‍ഷമാണ് 2020. അതോടനുബന്ധിച്ചുള്ള ആഗോള സമ്മേളനം ഗ്ലാസ്ഗോയില്‍ അടുത്ത വര്‍ഷം സെപ്തംബര്‍ 29 മുതല്‍ ഒക് ടോബര്‍ 4 വരെ നടക്കും. 1920 -ല്‍ ഈ സംഘടനയുടെ ആദ്യയോഗം ചേര്‍ന്നതും ഗ്ലാസ്ഗോയില്‍ വച്ചായിരുന്നു. 1922-ല്‍ സംഘടനയുടെ ഭരണഘടനയ്ക്ക് പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ അംഗീകാരം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org