പ്രളയബാധിത കേരളത്തിന് കന്ദമാലില്‍ നിന്നു പ്രാര്‍ത്ഥനകളും സഹായങ്ങളും

പ്രളയബാധിത കേരളത്തിന് കന്ദമാലില്‍ നിന്നു പ്രാര്‍ത്ഥനകളും സഹായങ്ങളും

പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച കേരളത്തിന് ഒറീസയിലെ കത്തോലിക്കരുടെ വിശേഷിച്ചു കന്ദമാലിലെ കത്തോലിക്കരുടെ പ്രാര്‍ത്ഥനകളും സാമ്പത്തിക സഹായങ്ങളും. "2008-ലെ കന്ദമാല്‍ കലാപത്തില്‍ ഞങ്ങളെ ആദ്യം പിന്തുണച്ചതും സഹായിച്ചതും കേരളത്തിലെ ജനങ്ങളാണ്" – ആഗസ്റ്റ് 19-ന് റെയ്ക്യയിലെ ഔവര്‍ ലോഡി ഓഫ് ചാരിറ്റി ഇടവകയില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കായി അര്‍പ്പിക്കപ്പെട്ട പ്രത്യേക ദിവ്യബലിയില്‍ കാര്‍മ്മികരായിരുന്ന മൂന്നു വൈദികരില്‍ ഒരാളായ ഫാ. മനോരഞ്ജന്‍ സിംഗ് പറഞ്ഞു. കന്ദമാല്‍ ക്രൈസ്തവ പീഡനങ്ങളില്‍ ഇരകളായ മൂവായിരത്തോളം പേര്‍ സന്നിഹിതരായിരുന്നു. ആവശ്യമായ സമയത്ത് സഹായത്തിനെത്തുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത് എന്ന പഴമൊഴി അനുസ്മരിച്ചുകൊണ്ട് കേരള ജനതയുടെ നല്ല സമരിയാക്കാരന്‍റെ മനോഭാവം നാം അനുസ്മരിക്കുകയാണെന്ന് കന്ദമാലില്‍ കലാപത്തിനിരയായ ഫാ. മനോരഞ്ജന്‍ വിശദീകരിച്ചു.

ഒറീസയിലെ വിവിധ ഇടവകകളില്‍ കേരളത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നടന്നു. പ്രളയക്കെടുതിയില്‍ വിഷമിക്കുന്ന കേരള ജനതയോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും പ്രയാസങ്ങളില്‍ പങ്കുചേരുന്നതായും ഒറീസ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ അധ്യക്ഷനും കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ ച്ചുബിഷപ്പുമായ ഡോ. ജോണ്‍ ബറുവ പറഞ്ഞു. കേരള ജനതയുടെ പുനരുദ്ധാരണത്തിന് പ്രാര്‍ത്ഥനകൊണ്ടും സാമ്പത്തിക സഹായം നല്‍കിയും സാധ്യമായതെല്ലാം ചെയ്യണമെന്ന് ആര്‍ച്ചുബിഷപ് ആഹ്വാനം ചെയ്തു. എല്ലായ്പ്പോഴും തങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിട്ടുള്ള കേരളത്തിനു വേണ്ടി വ്യക്തികളോടും ഇടവകകളോടും സ്ഥാപനങ്ങളോടും സാമ്പത്തിക സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാ. അജയ് സിംഗ് വ്യക്തമാക്കി. ഒറീസയില്‍ സജീവ സാന്നിധ്യമായ ദൈവവചനസഭയും ദുരിതാശ്വാസ ഫണ്ടിനായി പരിശ്രമിക്കുന്നുണ്ട്. ഒറീസയിലെ കേരള മിഷനറികളുടെ സേവനവും സഹായങ്ങളും ലഭിക്കുന്ന തങ്ങള്‍ സാധ്യമായ വിധത്തില്‍ കേരള ജനതയുടെ ദുരിതാശ്വാസ യത്നത്തില്‍ പങ്കാളികളാന്‍ ശ്രമിക്കുന്നുണ്ടെന്ന് കന്ദമാല്‍ കലാപത്തിനിരകളായവരുടെ സംഘടനാ പ്രസിഡന്‍റ് ബിപ്രോചരണ്‍ നായക് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org