ബധിരര്‍ക്കും മൂകര്‍ക്കുമായി കെസിബിസി വിവാഹ ഒരുക്ക കോഴ്സ് ആരംഭിക്കുന്നു

കേരളസഭയില്‍ ബധിരര്‍ക്കും മൂകര്‍ക്കും വേണ്ടിയുള്ള വിവാഹ ഒരുക്ക കോഴ്സ് കെസിബിസി തലത്തില്‍ സഭ ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ആരംഭിക്കുമെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അറിയിച്ചു. കേരള കത്തോലിക്കാസഭയില്‍ ആദ്യമായിട്ടാണ് സഭാതലത്തില്‍ ഇത്തരത്തിലുള്ള ഒരു സംരംഭത്തിന് തുടക്കമിടുന്നത്. ബധിരരും മൂകരും ആയിട്ടുള്ള അകത്തോലിക്കരായ യുവതീയുവാക്കള്‍ക്ക് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഈ കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പാഠ്യപദ്ധതികള്‍ ക്രമീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ഫാമിലി കമ്മീഷന്‍റെ നേതൃത്വത്തിലായിരിക്കും കോഴ്സുകള്‍ നടത്തുക.

ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാടശ്ശേരി, ഫാ. ബിജു (ഹോളിക്രോസ് കോട്ടയം), ഫാ. അഗസ്റ്റിന്‍ കല്ലേലി (എറണാകുളം), ഫാ. പ്രയേഷ് (തലശേരി) ഫാ. ജോഷി മയ്യാറ്റില്‍ (കൊച്ചി), ഫാ. ഡിക്സണ്‍ ഫെര്‍ണാണ്ടസ് (വരാപ്പുഴ), സിസ്റ്റര്‍ അഭയ എഫ്.സി.സി, സിസ്റ്റര്‍ സ്മിത എ.എസ.്എം.ഐ, ഡോ. ടോണി ജോസഫ്, ഡോ. റെജു വര്‍ഗീസ്, ഡോ. ഫിന്‍റോ ഫ്രാന്‍സിസ് എന്നിവര്‍ അടങ്ങുന്ന ടീം ആയിരിക്കും ക്ലാസുകള്‍ നയിക്കുന്നത്. വിവാഹം സ്നേഹിക്കാനുള്ള വിളി, ലൈംഗികത സ്നേഹത്തിന്‍റെ പ്രകാശനം, വിവാഹജീവിതത്തില്‍ ലൈംഗികതയുടെ പ്രസക്തി, ലൈംഗിക ധാര്‍മികത, ഫലദായക ദാമ്പത്യം, കുടുംബസംവിധാന മാര്‍ഗങ്ങള്‍, കുടുംബവും സാമ്പത്തികഭദ്രതയും, പ്രജനന ആരോഗ്യം, വിവാഹവും വിശുദ്ധിയും, വിവാഹവും മറ്റു കുടുംബബന്ധങ്ങളും, സ്ത്രീ-പുരുഷ വ്യത്യാസം വിവാഹപൂര്‍ണതയ്ക്ക്, കുടുംബത്തിന്‍റെ ആദ്ധ്യാമികതയും പ്രാര്‍ത്ഥനാജീവിതവും തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസ്സുകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org