ഭൂമിയില്‍ നമ്മുടെ സാന്നിദ്ധ്യം ദൈവവിളിയുടെ ഫലം – ഫ്രാന്‍സിസ് മാര്‍പാപ്പ

ഭൂമിയില്‍ നമ്മുടെ സാന്നിദ്ധ്യം ദൈവവിളിയുടെ ഫലം – ഫ്രാന്‍സിസ് മാര്‍പാപ്പ

നാം യാദൃശ്ചികതയുടെ ഇരകളോ പരസ്പരബന്ധമില്ലാത്ത സംഭവപരമ്പരകളുടെ ഫലമോ അല്ല, മറിച്ച് ഭൂമിയിലെ നമ്മുടെ ജീവിതവും സാന്നിദ്ധ്യവും ഒരു ദൈവവിളിയുടെ ഫലമാണ് എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. തന്നെ അനുഗമിക്കാന്‍ സ്ത്രീപുരുഷന്മാരെ വിളിക്കുന്നതില്‍ നിന്നു ദൈവം വിരമിച്ചിട്ടില്ലെന്ന് ദൈവവിളിക്കായുള്ള പ്രാര്‍ത്ഥനാദിനസന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷം ഏപ്രില്‍ 22-നാണ് അടുത്ത ദൈവവിളി പ്രാര്‍ത്ഥനാ ദിനം. ഓരോ ദൈവവിളിക്കുമുള്ള ശ്രവണം, വിവേചനം, ജീവിക്കല്‍ എന്നീ മുന്നു വശങ്ങളെ വിശകലനം ചെയ്യുന്നതാണു മാര്‍പാപ്പയുടെ സന്ദേശം. അടുത്ത വര്‍ഷത്തെ മെത്രാന്‍ സിനഡ് യുവജനങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനാല്‍ ദൈവവിളി പ്രത്യേകമായ വിധത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നു മാര്‍പാപ്പ പറഞ്ഞു.

ദൈവം നിരന്തരം നമ്മളുമായി കണ്ടുമുട്ടാന്‍ വരുന്നുവെന്നതാണ് മനുഷ്യാവതാരരഹസ്യം നമ്മോടു പറയുന്നതെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. വ്യക്തിപരവും സഭാത്മകവുമായ ഓരോ ദൈവവിളിയുടെയും തനിമയിലും വൈവിദ്ധ്യത്തിലും നാമത് ശ്രവിക്കുകയും വിവേചിക്കുകയും ഉന്നതങ്ങളില്‍ നിന്നു കേട്ട ശബ്ദമനുസരിച്ചു ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം നമ്മുടെ കഴിവുകളെ വികസിപ്പിക്കുകയും നമ്മെ രക്ഷയുടെ ഉപകരണങ്ങളാക്കുകയും ചെയ്യേണ്ടതുണ്ട്. ദൈവം നിശബ്ദനായാണു വരുന്നത്. ശ്രവിക്കുന്ന ഹൃദയമില്ലെങ്കില്‍ ദൈനംദിന ജീവിതത്തിന്‍റെ ബഹളങ്ങളില്‍ ദൈവത്തിന്‍റെ സ്വരം മുങ്ങിപ്പോകും. ശ്രവണം ഇക്കാലത്ത് കൂടുതല്‍ ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്. ശബ്ദങ്ങളും വിവരങ്ങളും നിറഞ്ഞ ലോകമാണിത്. ധ്യാനിക്കാനും അനുദിനജീവിതസന്ദര്‍ഭങ്ങളെ വിചിന്തനം ചെയ്യാനും ഫലദായകമായ വിധത്തില്‍ ദൈവികപദ്ധതി വിവേചിച്ചറിയാനും ഈ ബഹളങ്ങള്‍ നമ്മെ അനുവദിക്കുന്നില്ല. ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്‍റെ വചനങ്ങളും ജീവിതകഥയും മാത്രമല്ല നമ്മുടെ ദൈനംദിനജീവിതത്തിലെ വിശദാംശങ്ങളും ശ്രദ്ധയോടെ അറിയണം – മാര്‍പാപ്പ വിശദീകരിച്ചു.

ഒരു വ്യക്തി മൗലികമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന പ്രക്രിയയെയാണ് ആത്മീയ വിവേചനമെന്നു പറയുന്നതെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ദൈവവുമായി സംസാരിച്ചുകൊണ്ട്, പരിശുദ്ധാത്മാവിന്‍റെ ശബ്ദം ശ്രവിച്ചുകൊണ്ട് ആണ് ഇതു നടത്തേണ്ടത്. ക്രൈസ്തവ ദൈവവിളികള്‍ക്കെല്ലാം ഒരു പ്രവാചകമാനം ഉണ്ട്. ദൈവത്തിന്‍റെ വാഗ്ദാനത്തിന്‍റെ വെളിച്ചത്തില്‍ വ്യക്തിജീവിതത്തിലെയും ലോകത്തിലെയും സമകാലിക സംഭവങ്ങളെ പരിശോധിക്കണം. ജീവിതത്തെ വായിക്കാനുള്ള കഴിവ് ഓരോ ക്രൈസ്ത വനും വളര്‍ത്തിയെടുക്കണം. ദൗത്യനിര്‍വഹണത്തിന് ഇതാവശ്യമാണ് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org