ശരിയായ അറിവിന്‍റെ വെളിച്ചത്തിലുള്ള പ്രേഷിത ചൈതന്യം സഭ ആര്‍ജ്ജിക്കണം – ആര്‍ച്ചുബിഷപ് സൂസപാക്യം

ശരിയായ അറിവിന്‍റെ വെളിച്ചത്തിലുള്ള പ്രേഷിത ചൈതന്യം സഭ ആര്‍ജ്ജിക്കണം – ആര്‍ച്ചുബിഷപ് സൂസപാക്യം

ശരിയായ അറിവിന്‍റെ വെളിച്ചത്തിലുള്ള പ്രേഷിത ചൈതന്യമാണ് സഭയ്ക്കുണ്ടാകേണ്ടതെന്ന് ആര്‍ച്ചുബിഷപ് സൂസപാക്യം അനുസ്മരിപ്പിച്ചു. മൗണ്ട് സെന്‍റ് തോമസില്‍ മെത്രാന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രേഷിതര്‍ മാതൃകയിലൂടെ സാക്ഷ്യം നല്കുന്നവരും പ്രേഷിതസഹനവും രക്തസാക്ഷിത്വവും ഏറ്റെടുക്കാന്‍ സന്നദ്ധരുമാകണം. മതത്തിന്‍റെ ആത്മാവ് ചോര്‍ത്തിക്കളയുകയും മതം രാഷ്ട്രീയ അധികാരത്തിനുള്ള ഉപാധിയായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സമീപകാല സാഹചര്യങ്ങളില്‍, സത്യത്തിനു സാക്ഷികളാകുകയെന്നത് വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ സത്യത്തിന്‍റെ വെളിച്ചമാണ് സമൂഹത്തെ പ്രകാശിപ്പിക്കേണ്ടതും നയിക്കേണ്ടതും. മനുഷ്യനെയും ലോകത്തെയും ദൈവത്തെയും സംബന്ധിക്കുന്ന സത്യത്തിന്‍റെ വെളിച്ചമാണ് മതങ്ങള്‍ പങ്കുവയ്ക്കുന്നത്. ദൈവികമായ വെളിച്ചമില്ലെങ്കില്‍ ജീവിതം ഇരുളടഞ്ഞതാകും. മിഷനറിമാര്‍ ആത്മീയവെളിച്ചം പകരുന്നവരാകണം — അദ്ദേഹം പറഞ്ഞു.

ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, ഡോ. ക്ലമന്‍റ് വള്ളുവശ്ശേരി, ഡോ. ജോയി പുത്തന്‍വീട്ടില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫാ. വില്‍സണ്‍ തറയില്‍, സിസ്റ്റര്‍ റൂബി സിറ്റിസി, വര്‍ഗീസ് അബ്രാഹം എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, ബിഷപ് ജെയിംസ് ആനാപറമ്പില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. കെസിബിസി തിയോളജി കമ്മീഷന്‍ അധ്യക്ഷന്‍ ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, ഡോ. ജേക്കബ് പ്രസാദ്, ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

2019 ഒക്ടോബര്‍ മാസം ഫ്രാന്‍സിസ് പാപ്പ അസാധാരണ പ്രേഷിതമാസമായി പ്രഖ്യാപിച്ചിരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സഭയുടെ പ്രേഷിതദൗത്യം എന്ന വിഷയം ദൈവശാസ്ത്ര സമ്മേളനം തെരഞ്ഞെടുത്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org