Latest News
|^| Home -> National -> പ്രേഷിതപ്രവര്‍ത്തനത്തെ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടത് കാലികപ്രസക്തം കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി

പ്രേഷിതപ്രവര്‍ത്തനത്തെ പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടത് കാലികപ്രസക്തം കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി

Sathyadeepam

കൊച്ചി: കേരളസഭയുടെ യഥാര്‍ത്ഥ പ്രേഷിതമുഖം സാദ്ധ്യമാകണമെങ്കില്‍ സ്ഥാപനവത്കരണം വെടിഞ്ഞ് യേശുവിന്‍റെ അനുകമ്പയും ആര്‍ദ്രതയും ഹൃദയത്തിലേറ്റി ഇന്നിന്‍റെ ആവശ്യങ്ങളോട് പ്രത്യുത്തരിക്കുവാന്‍ കഴിയണമെന്ന സന്ദേശത്തോടെ മൂന്നു ദിവസങ്ങളിലായി പാലാരിവട്ടം പിഒസിയില്‍ നടന്ന കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്‍റെ (കെആര്‍എല്‍സിസി) മുപ്പതാമത് ജനറല്‍ അസംബ്ലി സമാപിച്ചു. കേരള ലത്തീന്‍ സഭയുടെ തനതും ജീവസ്സുറ്റതുമായ പാരമ്പര്യത്തെ സ്മരിക്കുകയും അടുത്ത തലമുറയിലേക്ക് കൈമാറുകയും വേണമെന്ന് അസംബ്ലി ചര്‍ച്ച ചെയ്ത് രൂപപ്പെടുത്തിയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

സഭ ദൈവജനമാണെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സമീപനം പ്രേഷിതത്വത്തെപ്പറ്റി പുതിയൊരു കാഴ്ചപ്പാട് സ്വീകരിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അല്മായ പ്രേഷിത പുനര്‍വിചിന്തനം പ്രായോഗികമാക്കുവാന്‍ കേരളസഭ ഇനിയും ബഹുദൂരം മുന്നേറേണ്ടതുണ്ട്. വൈദികരുടെയും, സന്യസ്തരുടെയും തലത്തില്‍ മാത്രം പ്രേഷിതപ്രവര്‍ത്തനം വിലയിരുത്തപ്പെട്ടിരുന്ന കഴിഞ്ഞ കാലഘട്ടത്തില്‍ പോലും അനേകം അല്മായ പ്രേഷിതര്‍ സഭയില്‍ ഉണ്ടായിരുന്നു. പ്രേഷിതദൗത്യത്തില്‍ അല്മായര്‍ക്ക് സുപ്രധാന പങ്കാളിത്തം ആവശ്യമാണെന്ന് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

വന്‍കിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വികസന അജണ്ടയില്‍ മാറ്റം വരുത്തണമെന്നാണ് സമകാലിക സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ജനറല്‍ അസംബ്ലി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പനിയെ പ്രതിരോധിക്കുവാന്‍ പോലും സാധിക്കാത്ത വിധത്തില്‍ നമ്മുടെ വികസനം വഴിതെറ്റിപ്പോയിരിക്കുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തെയും പ്രമേയത്തില്‍ വിമര്‍ശിക്കുന്നു. ബാര്‍ മുതലാളിമാര്‍ക്ക് കീഴടങ്ങി സാമൂഹ്യനന്മയെയും ജനാഭിപ്രായത്തെയും സര്‍ക്കാര്‍ വെല്ലുവിളിച്ചിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്പെഷല്‍ റിക്രൂട്ട്മെന്‍റ് നടപ്പിലാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, ദളിത് ക്രൈസ്തവപ്രശ്നം പരിഹരിക്കുക, വയനാട്ടിലേക്ക് പുതിയ പാത നിര്‍മിക്കുക, കോട്ടപ്പുറം-കൊല്ലം ദേശീയ ജലപാത പൂര്‍ത്തിയാക്കുക, മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, സിആര്‍ഇസഡ് വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കുക, നഴ്സുമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും രാഷ്ട്രീയപ്രമേയത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

സമ്മേളനത്തോടനുബന്ധിച്ച് അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസൈ പാക്യം മുഖ്യകാര്‍മ്മികനായിരുന്നു. കെആര്‍എല്‍സിസി സെക്രട്ടറി തോമസ് കെ. സ്റ്റീഫന്‍ റിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ആന്‍റണി നെറോണ സാമ്പത്തിക റിപ്പോര്‍ട്ടും രാഷ്ട്രീയകാര്യ സമിതി ജനറല്‍ കണ്‍വീനര്‍ ബെന്നി പാപ്പച്ചന്‍ രാഷ്ട്രീയകാര്യ സമിതി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം സമാപനസന്ദേശം നല്‍കി. കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെയും ബിഷപ്പുമാരും വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികളും ത്രിദിന സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

*
*