ദരിദ്രര്‍ക്കിടയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം – രാഷ്ട്രപതി

ദരിദ്രര്‍ക്കിടയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം – രാഷ്ട്രപതി

ഭാരതത്തില്‍ കത്തോലിക്കാ സഭ ചെയ്യുന്ന സേവനങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും ദരിദ്രര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്‍റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമ്മിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സഭാ തലവന്മാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. കര്‍ദിനാള്‍ ക്ലീമ്മിസിനു പുറമേ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ടെലസ് ഫോര്‍ടോപ്പോ, ആര്‍ച്ച്ബിഷപ് ഫിലിപ്പ് നേരി, ആര്‍ച്ചുബിഷപ് അബ്രാഹം വിരുത്തികുളങ്ങര, ആര്‍ച്ച്ബിഷപ് ആല്‍ബര്‍ട്ട് ഡിസൂസ, ആര്‍ച്ച്ബിഷപ് അനില്‍ കുട്ടോ, ബിഷപ് തിയോഡര്‍ മസ്ക്രിനാസ് എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

സഭയുടെ നാമത്തില്‍ രാഷ്ട്രപതിക്ക് ആശംസകളും പ്രാര്‍ത്ഥനകളും കൈമാറിയതായി കര്‍ദിനാള്‍ ക്ലീമ്മിസ് പറഞ്ഞു. ഇന്ത്യ ഒരു മതേതര റിപ്പബ്ളിക്കാണെന്നും ഇന്ത്യന്‍ ഭരണഘടനയെന്ന ഭാരതത്തിന്‍റെ പവിത്രമായ ഗ്രന്ഥത്തിലൂടെയാണ് നാമെല്ലാം ജീവിക്കുന്നതെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു. ഭാരതത്തില്‍ വളരെ ന്യൂനപക്ഷമായ ക്രൈസ്തവസമൂഹം ആതുര ശുശ്രൂഷ, വിദ്യാഭ്യാസം, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയവയിലൂടെ രാജ്യത്തെ സേവിച്ചു വരികയാണ്. ദരിദ്രര്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി പ്രത്യേക ശുശ്രൂഷകളാണ് ക്രൈസ്തവ സമൂഹം നല്‍കി വരുന്നത് – കര്‍ദിനാള്‍ ക്ലീമ്മിസ് വിശദീകരിച്ചു.

രാഷ്ട്രപതി കോവിന്ദിന് കര്‍ദിനാള്‍ ക്ലിമ്മിസ് ബൊക്കെ നല്‍കിയപ്പോള്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഹാരാര്‍പ്പണം നടത്തി. കര്‍ദിനാള്‍ ടോലസ്ഫോര്‍ ടോപ്പോ അദ്ദേഹത്തിനു തിരുഹൃദയത്തിന്‍റെ ചിത്രം സമ്മാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org