വൈദികരും സമര്‍പ്പിതരും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

വൈദികരുടെ ജീവിതവിശുദ്ധിയും അച്ചടക്കവും പാലിക്കപ്പെടുന്നതിനു മെത്രാന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വൈദികരും സമര്‍പ്പിതരും സെമിനാരിക്കാരും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതമാണ് നയിക്കേണ്ടതെന്നും സഭയിലുള്ള എല്ലാ ഉത്തരവാദിത്വനിര്‍വ്വഹണങ്ങളിലും ഈ ആത്മീയ സമീപനം നഷ്ടപ്പെടരുതെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിപ്പിച്ചു. സീറോ-മലബാര്‍ സഭയുടെ ഇരുപത്തിയൊമ്പതാമതു സിനഡിന്റെ ഒന്നാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍ ആശ്വാസം നല്കുന്നതിനായിരിക്കണം സഭയുടെ പ്രഥമ മുന്‍ഗണനയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ ലൈനായി നടക്കുന്ന സിനഡ് ജനുവരി 16 നു സമാപിക്കും. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 63 വൈദിക മേലദ്ധ്യക്ഷന്മാരാണ് സിനഡില്‍ പങ്കെടുക്കു ന്നത്.
ഉദ്ഘാടന പ്രസംഗത്തില്‍ സീറോ-മലബാര്‍ സഭയ്ക്കു ദൈവം നല്കിയ അനുഗ്രഹങ്ങള്‍ അനുസ്മരിച്ചു മേജര്‍ ആര്‍ച്ചുബിഷപ് ദൈവത്തിനു നന്ദി പറഞ്ഞു. സഭയിലെ രൂപതകളിലും സന്യാസസമൂഹങ്ങളിലും നിന്നുമായി ഇതുവരെ 235 ഡീക്കന്മാരാണ് ഈ വര്‍ഷം വൈദികപട്ടം സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. കോവിഡുകാലത്തെ പ്രതിസന്ധികള്‍ക്കിടയിലും അജപാലനരംഗത്തു സജീവസാന്നിധ്യമായി രൂപതകളും സമര്‍പ്പിതസമൂഹങ്ങളും ചെയ്ത സേവനങ്ങളെ മേജര്‍ ആര്‍ച്ചുബിഷപ് പ്രത്യേകം പ്രശംസിക്കുകയുണ്ടായി.
താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാന്‍ ബിഷപ് പോള്‍ ചിറ്റിലപ്പിള്ളിയെയും, ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയായിരുന്ന ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്തിനെയും പ്രത്യേകം അനുസ്മരിച്ചുകൊണ്ട് അവരുടെ നിത്യശാന്തിയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയാഘോഷിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, മെല്‍ബണ്‍ രൂപതാ മെത്രാന്‍ മാര്‍ ബാസ്‌കോ പുത്തൂര്‍, കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ക്ക് ആശംസകളര്‍പ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org