പ്രിസണ്‍ മിനിസ്ട്രി സന്നദ്ധ സേവകരെ തേടുന്നു

പ്രിസണ്‍ മിനിസ്ട്രി സന്നദ്ധ സേവകരെ തേടുന്നു

ഇന്ത്യയിലെ വിവിധ ജയിലുകളില്‍ തടവറ പ്രേഷിതത്വത്തിനു നേതൃത്വം നല്‍കുന്ന പ്രിസണ്‍ മിനിസ്ട്രി ഇന്ത്യ അതിന്‍റെ സേവന സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിക്കുന്നു.
ഇന്ത്യയിലെ 1382 ജയിലുകളിലായി നാലു ലക്ഷത്തിലധികം തടവുകാര്‍ പ്രത്യാശയും സ്നേഹവും നഷ്ടപ്പെട്ട് സഹായം അഭിലഷിക്കുന്നവരായി ഉണ്ടെന്നും അവരുടെ പുനരുദ്ധാരണത്തിനും മാനസാന്തരത്തിനും ഉപകരിക്കുന്ന ശുശ്രൂഷയില്‍ വ്യാപൃതരാകാന്‍ താത്പര്യവും പ്രതിബദ്ധതയും ഉള്ളവരെയാണ് പ്രിസണ്‍ മിനിസ്ട്രി അന്വേഷിക്കുന്നതെന്നും ദേശീയ കോഓര്‍ഡിനേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ പറഞ്ഞു.
സന്നദ്ധ സേവനത്തില്‍ തത്പരരായി മുന്നോട്ടു വരുന്നവര്‍ക്ക് മേയ് മാസത്തില്‍ ബാംഗ്ലൂരില്‍ വ ച്ച് പരിശീലന ക്ലാസ്സുകള്‍ നല്‍കും. തടവറയില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസവും സഹായവുമാകാന്‍ കഴിയുന്ന വിധത്തില്‍ ഈ രംഗത്തേയ്ക്കു കൂടുതല്‍ വൈദികരെയും സിസ്റ്റേഴ്സിനെയും അല്മായരെയും പ്രാപ്തരാക്കുകയാണു ലക്ഷ്യമെന്ന് ഫാ. വടക്കുംപാടന്‍ വിശദീകരിച്ചു.
കത്തോലിക്കാ സഭയെ സംബന്ധിച്ച് തടവറ മക്കളോട് പ്രത്യേകമായ കാരുണ്യവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്ന മനോഭാവമാണ് എക്കാലത്തും ഉള്ളതെന്ന് പ്രിസണ്‍ മിനിസ്ട്രി പ്രസിഡന്‍റ് ബിഷപ് പീറ്റര്‍ റെമിജിയൂസ് പറഞ്ഞു. തടവറ മക്കളുടെ നവീകരണത്തിനും പുനരധിവാസത്തിനു മായി പ്രവര്‍ത്തിക്കുന്ന പ്രിസണ്‍ മിനിസ്ട്രി ഭാരത കത്തോലിക്കാ സഭയുടെ അംഗീകാരമുള്ള സന്നദ്ധ വിഭാഗമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org