പ്രോ-ലൈഫ് ‘മന്ന പദ്ധതി’ ആരംഭിച്ചു

തിരുവാമ്പാടി: താമരശ്ശേരി രൂപത മരിയന്‍ പ്രോ-ലൈഫ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന "എല്ലാവര്‍ക്കും ഭക്ഷണം" എന്ന 'മന്ന പദ്ധതി'യുടെ രൂപതാതല ഉദ്ഘാടനം സീറോ മലബാര്‍ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, താമരശ്ശേരി ബിഷപ് എമിരറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്ക് മന്ന ഫലകം നല്കികൊണ്ട് നിര്‍വ്വഹിച്ചു. 'വിശപ്പുരഹിത താമരശ്ശേരി രൂപത' എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് "ജീവന്‍റെ സംരക്ഷണത്തിനും സമൃദ്ധിക്കുംവേണ്ടി" എന്ന മുദ്രാവാക്യത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ പ്രോ-ലൈഫ് മൂവ്മെന്‍റ് മന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്.

തിരുവാമ്പാടി ഇടവകയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ തിരുവാമ്പാടി ഇടവകയില്‍ ആരംഭിച്ച മന്ന പദ്ധതി വരുംമാസങ്ങളില്‍ രൂപതയിലെ മറ്റ് ഇടവകകളിലും നടപ്പിലാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. മന്ന പദ്ധതി ഭാരിച്ച സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെങ്കിലും വിശപ്പുരഹിത താമരശ്ശേരി രൂപത യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മരിയന്‍ പ്രോ-ലൈഫ് മൂവ്മെന്‍റ് ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍ അറിയിച്ചു. മന്ന പദ്ധതിയുടെ പ്രാരംഭമായി തിരുവമ്പാടി ഇടവകയിലെ തിരഞ്ഞെടുക്കപ്പെട്ട 20 കുടുംബങ്ങള്‍ക്ക് പ്രതിമാസം 1500 രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് നല്കുക. ഒരു വര്‍ഷം ഏകദേശം 5 ലക്ഷം രൂപയോളം ചെലവു വരുന്ന മന്ന പദ്ധതിക്ക് തിരുവാമ്പാടി ഇടവകയില്‍ നിന്നും സുമനസ്സുകളായ വളരെപ്പേര്‍ ഇതിനോടകം സഹായഹസ്തവുമായി മുന്നോട്ടുവന്നിട്ടുണ്ട്.

തിരുവാമ്പാടി ഇടവകയിലെ മന്ന പദ്ധതിക്ക് നേതൃത്വം നല്കുന്നത് മരിയന്‍ പ്രോ-ലൈഫ് മൂവ്മെന്‍റ് രൂപതാ പ്രസിഡന്‍റ് സജീവ് പുരയിടവും തിരുവാമ്പാടി യൂണിറ്റ് പ്രസിഡന്‍റ് ആന്‍റപ്പന്‍ വാഴയിലും രൂപതയുടെയും ഇടവകയുടെയും മറ്റു ഭാരവാഹികളുമാണ്. തിരുവാമ്പാടി ഫൊറോനാ വികാരി ഫാ. ജോസ് ഓലിയക്കാട്ടിലിന്‍റെയും അസി. വികാരി ഫാ. ചാക്കോ കോതാനിക്കലിന്‍റെയും പ്രോ-ലൈഫ് രൂ പതാ ആനിമേറ്റര്‍ സി. റോസ് മേരി സി.എം.സിയുടെയും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയും തിരുവാമ്പാടി യൂണിറ്റിലെ പ്രോ-ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org