പ്രൊട്ടസ്റ്റന്‍റ് ജീവിതപങ്കാളികളുടെ കുര്‍ബാനസ്വീകരണം: ജര്‍മ്മന്‍ സഭ മാര്‍ഗനിര്‍ദേശം നല്‍കും

ജര്‍മ്മനിയില്‍ കത്തോലിക്കരുടെ ജീവിതപങ്കാളികളായ ലൂഥറന്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ക്കു കത്തോലിക്കാസഭയില്‍ നിന്നു വി. കുര്‍ബാന സ്വീകരിക്കാന്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച അജപാലനമാര്‍ഗരേഖ ഉടന്‍ പുറപ്പെടുവിക്കുമെന്ന് കാര്‍ഡിനല്‍ റീയിന്‍ഹാര്‍ഡ് മാര്‍ക്സ് അറിയിച്ചു. ഒറ്റപ്പെട്ട കേസുകളില്‍ ചില വ്യവസ്ഥകള്‍ക്കു വിധേയമായിട്ടാകും ഈ അനുമതി. വി. കുര്‍ബാനയിലുള്ള കത്തോലിക്കാവിശ്വാസം ഏറ്റു പറയുകയെന്നതാണ് ഒരു വ്യവസ്ഥ.
അജപാലനസാഹചര്യങ്ങളില്‍ അനുയോജ്യമായ തീരുമാനങ്ങളെടുക്കുന്നതിന് അജപാലകരെ സഹായിക്കുക എന്നതായിരിക്കും ഈ മാര്‍ഗരേഖയുടെ പ്രധാനലക്ഷ്യമെന്നു ജര്‍മ്മന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായ കാര്‍ഡിനല്‍ വ്യക്തമാക്കി. മെത്രാന്‍ സംഘത്തിന്‍റെ സമ്മേളനം ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് ഈ തീരുമാനത്തിലെത്തിയിട്ടുള്ളത്. മിശ്രസഭാ വിവാഹങ്ങള്‍ നടക്കുമ്പോള്‍ വി. കുര്‍ബാന സ്വീകരിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹം ആ വിവാഹത്തെ കുഴപ്പത്തിലെത്തിക്കാതിരിക്കുക എന്നതു പ്രധാനമാണ്. ക്രൈസ്തവദമ്പതിമാരെന്ന നിലയില്‍ വളരെ ബോധപൂര്‍വം ജീവിക്കാനാഗ്രഹിക്കുന്ന ദമ്പതിമാര്‍ക്കാണ് ഈ അനുമതി ബാധകമാകുക. ഈ അനുമതി ഓരോ ദമ്പതിമാരുടെ കാര്യത്തിലും പ്രത്യേകമായി പരിഗണിച്ചു വിവേചിച്ചറിഞ്ഞ ശേഷമാണു നല്‍കുക. പൊതുവായ ഒരു തീരുമാനമല്ല ഇത് – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org