കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ പുനരധിവാസവും പുരോഗതിയും പരിഗണിക്കണം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ പുനരധിവാസവും പുരോഗതിയും പരിഗണിക്കണം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

പ്രളയത്തിനു ശേഷമുള്ള കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തില്‍ ബാഹ്യമായ മുഖഛായ പുതുക്കുന്നതിനേക്കാള്‍ ജനങ്ങളുടെ പുനരധിവാസവും അടിസ്ഥാനപരമായ പുരോഗതിയും പരിഗണിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കൊച്ചിയില്‍ കാത്തലിക്ക് ഹെല്‍ത്ത് അസോസിയേഷന്‍ ഇന്ത്യ (ചായ്) കേരള ഘടകവും സംസ്ഥാന ആരോഗ്യ വകുപ്പും പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനക്ഷേമത്തിലൂടെയാവണം കേരളത്തിന്‍റെ മുഖം മാറേണ്ടത്. സംസ്ഥാനം ഒരു ഹെല്‍ത്ത് കെയര്‍ ഹബ് ആണ്. ലോകത്തിന്‍റെ എല്ലാ ഭാഗത്തും ആരോഗ്യ മേഖലയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ നല്ലൊരു ശതമാനം കത്തോലിക്കാ സഭയില്‍ നിന്നുള്ളവരാണ്. പ്രളയസമയത്ത് മാനവികതയുടെയും കാരുണ്യത്തിന്‍റെയും പ്രവൃത്തികള്‍ക്കാണ് നാം സാക്ഷ്യം വഹിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. കേരളത്തിന്‍റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കേണ്ടത് നമ്മുടെ കടമയാണെന്നും കര്‍ദിനാള്‍ പറഞ്ഞു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത മുഖ്യപ്രഭാഷണം നടത്തി. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയും ചായ് കേരള എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ചായ് കേരള സെക്രട്ടറി ഫാ. ഷൈജു തോപ്പില്‍, ജോയിന്‍റ് സെക്രട്ടറി സിസ്റ്റര്‍ അഭയ, സിസ്റ്റര്‍ വിനീത തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ കത്തോലിക്കാ ആശുപത്രികളുടെ ഡയറക്ടര്‍മാരും അഡ്മിനിസ്ട്രേറ്റര്‍ മാരും ഉള്‍പ്പെടെ 200 ഓളം പേര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org