പുസ്തകയാത്രയൊരുക്കി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

പുസ്തകയാത്രയൊരുക്കി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

അങ്ങാടിപ്പുറം: പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ പുസ്തകങ്ങളുമായി യാത്ര തുടങ്ങി. 2000 വീടുകളില്‍ വായനയുടെ സന്ദേശമെത്തിക്കാന്‍ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ 250 പേരാണു രംഗത്തിറങ്ങിയത്. സ്കൂള്‍ വിട്ടശേഷം വൈകുന്നേരങ്ങളിലും ഒഴിവുദിവസങ്ങളിലുമാണു പല സംഘങ്ങളായി കുട്ടികള്‍ വീടുകളിലും കടകളിലും പൊതുസ്ഥാപനങ്ങളിലും പുസ്തകക്കെട്ടുമായി എത്തുന്നത്.

കഥയും കവിതയും ലേഖനവും ജീവിതചരിത്രവും മുതല്‍ ഗൃഹവൈദ്യവും ടിന്‍റുമോന്‍ ഫലിതവും വരെ ഇവരുടെ കൈവശമുണ്ട്. പുസ്തകങ്ങളുടെ വില 10 രൂപ മുതല്‍ 800 രൂപ വരെ. കീശയുടെ വലിപ്പമനുസരിച്ചു വായനക്കാര്‍ക്കു പുസ്തകങ്ങള്‍ സ്വന്തമാക്കാം. പുസ്തകങ്ങള്‍ക്കെല്ലാം വിലക്കിഴിവുമുണ്ട്. പെരിന്തല്‍മണ്ണയിലെ ശക്തിബുക്സില്‍നിന്നും ശേഖരിച്ച പുസ്തകങ്ങളില്‍ പ്രമുഖ പ്രസാധകരുടെയെല്ലാം മികച്ച പുസ്തകങ്ങളുണ്ട്.

പുസ്തകങ്ങള്‍ വീടുകളിലേക്ക് എന്ന സന്ദേശവുമായി എത്തിയ തങ്ങള്‍ക്കു വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍നിന്നും ഹൃദ്യമായ സ്വീകരണമാണു ലഭിക്കുന്നതെന്നു കുട്ടികള്‍ പറഞ്ഞു.

ആദ്യപുസ്തകം സ്വീകരിച്ചു പ്രധാനാദ്ധ്യാപിക ജോജി വര്‍ഗീസ് വില്പന ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോഓര്‍ഡിനേറ്റര്‍ മനോജ് വീട്ടുവേലിക്കുന്നേല്‍, ഭാരവാഹികളായ എന്‍.കെ. വിഷ്ണുപ്രിയ, മമത റോസ്, കെ. ആല്‍ഫിയ, സെറിന്‍, അജിന്‍ സജി, പി. സ്നേഹ, എം.കെ. റിന്‍ഷ, അല്‍ന ബെന്നി, വി. അഞ്ജന എന്നിവര്‍ നേതൃത്വം നല്കി.

രണ്ടാഴ്ച നീണ്ടുനില്ക്കുന്ന പുസ്തകോത്സവവും വ്യത്യസ്തമായ നിരവധി പരിപാടികളും മത്സരങ്ങളും വായനാവാരത്തിന്‍റെ ഭാഗമായി സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org