രക്തസാക്ഷികളുടെ രക്തം കത്തോലിക്കാ-കോപ്റ്റിക് സഭകളെ ഐക്യപ്പെടുത്തുന്നു -മാര്‍പാപ്പ

രക്തസാക്ഷികളുടെ രക്തം കത്തോലിക്കാ-കോപ്റ്റിക് സഭകളെ ഐക്യപ്പെടുത്തുന്നു -മാര്‍പാപ്പ

സ്വന്തം രക്തസാക്ഷികളുടെ രക്തം കൊണ്ടു പരസ്പരം ബന്ധിതമായിരിക്കുന്ന സഭകളാണ് കത്തോലിക്കാസഭയും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഉപവിപ്രവര്‍ത്തനങ്ങളിലൂടെ ഈ ബന്ധം കൂടുതല്‍ ഉറപ്പിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനിടെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാതലവന്‍ തവദ്രോസ് രണ്ടാമന്‍ പാത്രിയര്‍ക്കീസിനെ കണ്ടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

പൊതുവായ ജ്ഞാനസ്നാനത്തിന്‍റെ അടിസ്ഥാനത്തില്‍ നവജീവിതം നയിക്കുന്നവരാണ് ഇരുസഭകളിലും ഉള്ളതെന്ന് മാര്‍പാപ്പ പറഞ്ഞു. ഇത് എല്ലാവരോടുമുള്ള സ്നേഹത്തിന്‍റെ ജീവിതമാണ്. സ്വജീവന്‍ ത്യജിച്ചുകൊണ്ടു പോലും എല്ലാവരേയും സ്നേഹിക്കാന്‍ നാം പ്രതിബദ്ധരായിരിക്കണം. ക്രൈസ്തവികതയുടെ ആദ്യനൂറ്റാണ്ടു മുതല്‍ അനേകം രക്തസാക്ഷികള്‍ അവരുടെ വിശ്വാസം വീരോചിതമായി ജീവിച്ച മണ്ണാണിത്. ദൈവത്തെ നിഷേധിക്കുകയും തിന്മകളുടെ പ്രലോഭനങ്ങള്‍ക്കു വഴിപ്പെടുകയും ചെയ്യുന്നതിനേക്കാള്‍ സ്വന്തം രക്തം ചൊരിയാന്‍ അവരിഷ്ടപ്പെട്ടു. ആദിമ നൂറ്റാണ്ടുകളിലെന്ന പോലെ ഈയടുത്ത ദിവസങ്ങളിലും ഇതേ കാര്യം തന്നെ സംഭവിക്കുന്നുവെന്നതാണ് ദുരന്തം. നിരപരാധികളും നിരാലംബരുമായ ക്രൈസ്തവരുടെ രക്തം ക്രൂരമായി ചിന്തപ്പെടുന്നു. ആ നിഷ്കളങ്ക രക്തം നമ്മെ ഒന്നിപ്പിക്കുകയും ചെയ്യുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org