Latest News
|^| Home -> National -> രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി ആദിവാസി മേഖലയിലെ മെത്രാന്മാര്‍

രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി ആദിവാസി മേഖലയിലെ മെത്രാന്മാര്‍

Sathyadeepam

ആദിവാസി മേഖലയിലെ കത്തോലിക്കാ മെത്രാന്മാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ച മെത്രാന്മാര്‍ പരമ്പരാഗത – ആദിവാസി ജനവിഭാഗങ്ങളുടെ അവകാശം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ സമീപനങ്ങളില്‍ ആശങ്കയും വേദനയും അറിയിക്കുകയുണ്ടായി. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയും അവരുടെ സാമൂഹിക – സാംസ്കാരിക സാഹചര്യങ്ങളും സംരക്ഷിക്കണമെന്ന നിവേദനം രാഷ്ട്രപതിക്കു സമര്‍പ്പിക്കുകയും ചെയ്തു. ആറു സംസ്ഥാനങ്ങളില്‍ നിന്നുള്ള മെത്രാന്മാരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

ആദിവാസികളെ സംബന്ധിച്ച് അവരുടെ ഭൂമിയാണ് ഉപജീവനമാര്‍ഗം. 90 ശതമാനം പേരും കൃഷിയെയോ അനുബന്ധ തൊഴിലുകളെയോ ആശ്രയിച്ചാണ് അവരുടെ പൂര്‍വ്വികരുടെ ഭൂമിയില്‍ ജീവിക്കുന്നത് – നിവേദനത്തില്‍ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വ്യവസായത്തിന്‍റെയും വികസനത്തിന്‍റെയും പേരുപറഞ്ഞ് ആദിവാസികളെ അവരുടെ ഭൂമിയില്‍ നിന്നു പുറത്താക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകുകയാണ്. വ്യവസായവത്കരണത്തിന്‍റെ പേരില്‍ ആദിവാസികളുടെ ഭൂമിയും ആവാസവ്യവസ്ഥകളും നഷ്ടപ്പെടാന്‍ ഇടയാകരുത്. ഇത്തരത്തില്‍ ജാര്‍ഘണ്ട് സര്‍ക്കാര്‍ അടുത്തിടെ പുറപ്പെടുവിച്ച നിയമം ആദിവാസികള്‍ക്കു വിനയായി മാറുന്ന സാഹചര്യം നിവേദനത്തില്‍ എടുത്തു പറയുന്നുണ്ട്. ഒരിക്കല്‍ തങ്ങളുടെ വാസസ്ഥലത്തുനിന്ന് ആദിവാസികള്‍ പുറത്താക്കപ്പെട്ടാല്‍ അത് എന്നേയ്ക്കുമുള്ള നഷ്ടമാകുമെന്ന് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അമേരിക്ക, കാനഡ, ആസ്ട്രേലിയ, ന്യൂസിലന്‍റ് എന്നീ രാജ്യങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ അനുസ്മരിപ്പിച്ചുകൊണ്ട് നിവേദനത്തില്‍ മെത്രാന്മാര്‍ വിശദീകരിച്ചു. ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന ഉപദ്രവങ്ങളെയും അതിക്രമങ്ങളെയും കുറിച്ചും നിവേദനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Leave a Comment

*
*