കര്‍ഷകര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളല്ല – രാഷ്ട്രീയ കിസാന്‍ മഹാസംഘ്

പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷകസ്നേഹത്തിന്‍റെ കാപട്യവും മുതലക്കണ്ണീരും കര്‍ഷകര്‍ തിരിച്ചറിയണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളാകാന്‍ കര്‍ഷകരെ വിട്ടുകൊടുക്കില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കൊച്ചിയില്‍ സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്‍റെ സംസ്ഥാനസമിതി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു സെബാസ്റ്റ്യന്‍.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ കര്‍ഷകരെ ഒന്നടങ്കം വിലയ്ക്കെടുക്കാമെന്ന് ആരും സ്വപ്നം കാണേണ്ട, അക്കാലം പോയി. വോട്ട് ചെയ്യാനുള്ള ഉപകരണങ്ങള്‍ മാത്രമായി കര്‍ഷകരെ ഇനിയും കിട്ടില്ല. നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ കര്‍ഷകര്‍ ഒരുമിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലെ ഭരണമാറ്റം കര്‍ഷകര്‍ സംഘടിച്ചതിന്‍റെ തെളിവാണ്. കേരളത്തിലും കര്‍ഷകര്‍ സംഘടിച്ചുനീങ്ങിയില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് സമ്മേളനം വ്യക്തമാക്കി.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് വൈസ്ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കണ്‍വീനര്‍ കെ.വി. ബിജു, സംസ്ഥാന കണ്‍വീനര്‍ അഡ്വ. ബിനോയ് തോമസ്, സംസ്ഥാന ജനറല്‍ കണ്‍വീനര്‍ പി.ടി. ജോണ്‍, ദേശീയ സംസ്ഥാന നേതാക്കളായ ഫാ. ജോസ് കാവനാടി, വി.വി. അഗസ്റ്റിന്‍, അഡ്വ. ജോണ്‍ ജോസഫ്, മുതലാംതോട് മണി, കെ.എം. ഹരിദാസ്, വി.ജെ. ലാലി, ബേബി എം.ജെ., സെയ്ദ് അലവി, എ. ഫല്‍ഗുണന്‍, രാജു സേവ്യര്‍, ഹരിദാസന്‍ കയ്യടിക്കോട്, ബിനോയ് തോമസ്, സുരേജ് ഓടാപന്തിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനുവരി 30-ന് മഹാരാഷ്ട്രയില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംഘടിപ്പിക്കുന്ന ഒരു ലക്ഷം കര്‍ഷകരുടെ ഉപവാസത്തില്‍ പ്രമുഖ ഗാന്ധിയനും കര്‍ഷകനേതാവുമായ അണ്ണാഹസാരെ നേതൃത്വം നല്‍കുമെന്നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേശീയ ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്ര ഖ്യാപിച്ച് കര്‍ഷകര്‍ ഉപവസിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org