“ആര്‍ സി ഇ പി കരാര്‍ കാര്‍ഷികമേഖലയുടെ അന്ത്യം കുറിക്കും”

കേന്ദ്രസര്‍ക്കാര്‍ ഒപ്പിടാനൊരുങ്ങുന്ന ആര്‍സിഇപി കരാര്‍ കാര്‍ഷികമേഖലയുടെ അന്ത്യം കുറിക്കു മെന്നും കരാര്‍ ചര്‍ച്ചകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും കര്‍ഷകസംഘടനകളുടെ ഐക്യ വേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കോട്ടയം പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസ് ഹാളില്‍ ചേര്‍ന്ന കേരളത്തിലെ വിവിധ സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികുതി രഹിതവും അനിയന്ത്രിതവുമായി ഇറക്കുമതിക്ക് പച്ചക്കൊടി കാട്ടുമ്പോള്‍ തകര്‍ന്നടിയുന്നത് ഇന്ത്യയുടെ സമ്പദ്ഘടനയാണ്. ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കുന്ന ബ്യൂറോക്രസിയാണ് കരാറിന്‍റെ പിന്നിലെന്ന് സംശയിക്കപ്പെടുന്നതായി സമ്മേളനം വിലയിരുത്തി.

രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിച്ചു. ദേശീയ – സംസ്ഥാന നേതാക്കളായ അഡ്വ.ബിനോയ് തോമസ്, അഡ്വ. പി.പി. ജോസഫ്, ജോസ് ആനിത്തോട്ടം, മാര്‍ട്ടിന്‍ തോമസ്, പ്രൊഫ. ജോസ് കുട്ടി ഒഴുകയില്‍, ജോര്‍ജ് ജോസഫ് തെള്ളിയില്‍, ജോയി കണ്ണഞ്ചിറ, ജന്നറ്റ് മാത്യു, ജോയി നിലമ്പൂര്‍, വി.ജെ. ലാലി, ജെ.ജി. പാലയ്ക്കലോടി, എം.എം. ഉമ്മന്‍, ഔസേപ്പച്ചന്‍ ചെറുകാട്, സന്തോഷ് വര്‍ഗീസ്, സയ്യിദ് അലവി വയനാട്, ബേബി എം.ജെ., മുരളീധരന്‍ ബി., മോഡി തോമസ്, ലാലി ഇളപ്പുങ്കല്‍, ജോസഫ് വടക്കേക്കര, കെ.കെ. ജോസഫ്, ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

അതേസമയം ഡല്‍ഹിയില്‍ ചേര്‍ന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക കണ്‍വന്‍ഷന്‍ ആര്‍സിഇപി കരാറിനെതിരെ ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ദേശീയ ചെയര്‍മാന്‍ ശിവകുമാര്‍ ശര്‍മ്മ കക്കാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ 170-ല്‍ പരം കര്‍ഷകസംഘടനയുടെ ദേശീയ നേതാക്കള്‍ പങ്കെടുത്തു. വയനാട്ടിലെ യാത്രനിരോധനത്തിനെതിരെയും കോട്ടയം ജില്ലയിലെ 12 വില്ലേജുകളിലെ പുരയിടങ്ങള്‍ തോട്ടങ്ങളാക്കിയുള്ള റവന്യൂ നടപടി തിരുത്തണമെന്നാവശ്യപ്പെട്ടും ഇടുക്കിയില്‍ പട്ടയഭൂമിയിലെ നിയന്ത്രണങ്ങള്‍ക്കെതിരെയും നടക്കുന്ന സമരപ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org