“റിഫോം” – റിലിജിയസ് ഫോര്‍ മെന്‍ഡല്‍ ഹെല്‍ത്ത് സമ്മേളനം

“റിഫോം” – റിലിജിയസ് ഫോര്‍ മെന്‍ഡല്‍ ഹെല്‍ത്ത് സമ്മേളനം

പെരുമ്പാവൂര്‍: കത്തോലിക്കാ സഭയിലെ സമര്‍പ്പിതരായിട്ടുള്ള മാനസികാരോഗ്യ വിദഗ്ദ്ധരുടെ സമ്മേളനം പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ വച്ചു നടന്നു. റവ. ഡോ. ഡേവ് അക്കര കപ്പൂച്ചിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ഡോ. ആനി സിറിയക് എസ്എച്ച് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ഡോ. അനിതാ ജോസ് എഫ്സിസി, സിസ്റ്റര്‍ ഡോ. പ്രശാന്തി സി എംസി, സിസ്റ്റര്‍ ഡോ. മേരി തെരേസ സിഎസ്എന്‍, സിസ്റ്റര്‍ ഡോ. ലിന്‍സ് മരിയ എഫ് സിസി സിസ്റ്റര്‍ ഡോ. ലിസ വര്‍ഗീസ് ഐഐസി എന്നിവര്‍ പ്രസംഗിച്ചു.

ശാരീരിക ആരോഗ്യ പ്രശ്നങ്ങളിലെന്ന പോലെ മാനസിക ആരോഗ്യമേഖലയില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട കാലഘട്ടമാണിതെന്ന് യോഗം വിലയിരുത്തി. മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് പൊതുവേ മാനസികാരോഗ്യത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്നു എന്ന് അഭിമാനിച്ചിരുന്ന ക്രൈസ്തവ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമപ്രവര്‍ത്തനങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, വിവാഹമോചനങ്ങള്‍, രോഗാതുരമാകുന്ന മനസ്സിന്‍റെ ലക്ഷണങ്ങളാണെന്നും, അല്മായരുടെ ഇടയില്‍ മാത്രമല്ല പുരോഹിതരുടെയും സന്യസ്തരുടെയും ഇടയില്‍ കാണപ്പെടുന്ന പുതിയ വ്യക്തിപരവും സാമൂഹികവുമായ ചില പ്രവണതകളെ വളരെ ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു എന്ന് സമ്മേളനം നിര്‍ദ്ദേശിക്കുകയുണ്ടായി. ഒരു വ്യക്തിയെ സന്യാസ പൗരോഹിത്യ പരിശീലനത്തിലേക്ക് പ്രവേശിപ്പിക്കുമ്പോഴും തുടര്‍ പരിശീലന കാലഘട്ടത്തിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തിയാല്‍ മാത്രം പോരാ എന്നും ക്രൈസ്തവ വിദ്യാഭ്യാസ തിരുസംഘത്തിന്‍റെ രേഖ അനുശാസിക്കുന്നതു പോലെ ഒരു സമര്‍പ്പിതന് ക്രൈസ്തവ സമൂഹത്തെ നയിക്കാനുള്ള കഴിവും പക്വതയും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സമ്മേളനം വിലയിരുത്തി. ഇതിനായി പരിശീലന കാലഘട്ടങ്ങളില്‍ ശാസ്ത്രീയവും വസ്തുനിഷ്ഠാപരമായ അവലോകനങ്ങളുടെ ഇപ്പോഴുള്ള അപര്യാപ്തത മനസ്സിലാക്കി സത്വര നടപടികള്‍ സ്വീകരിക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമ്മേളനം മുന്നോട്ടു വച്ചു. മാനസിക രോഗത്തോട് പൊതുവേയുള്ള വിവേചനം മാറ്റിയെടുക്കാന്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ എല്ലാ തലങ്ങളിലും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org