കുടിയേറ്റക്കാരുടെ വരവ് മിഷന്‍ പ്രവര്‍ത്തനത്തിന് അവസരം നല്‍കുന്നു – ഫ്രാന്‍സിസ് മാര്‍പാപ്പ

കുടിയേറ്റക്കാരുടെ വരവ് മിഷന്‍ പ്രവര്‍ത്തനത്തിന് അവസരം നല്‍കുന്നു – ഫ്രാന്‍സിസ് മാര്‍പാപ്പ

കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും കൂട്ടത്തോടെ വരുമ്പോള്‍ ചില വെല്ലുവിളികള്‍ ഉണ്ടാകുമെങ്കിലും അതു മിഷണറിമാര്‍ക്കു വലിയ അവസരങ്ങളും നല്‍കുന്നുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റ പ്രവാഹം ഒരു നവ മിഷന്‍ ചക്രവാളം തുറക്കുകയാണ് ചെയ്യുന്നത്. സ്വന്തം ജീവിതപരിസരങ്ങളില്‍ നിന്നു പോകാതെ തന്നെ യേശുവിനെയും യേശുവിന്‍റെ സുവിശേഷത്തെയും പ്രഘോഷിക്കാനുള്ള സവിശേഷമായ അവസരമാണ് മിഷണറിമാര്‍ക്കു ലഭിക്കുന്നത്. വിവിധ മതവിശ്വാസങ്ങളില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികളുടെ മുമ്പില്‍ ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം നല്‍കാന്‍ സാധിക്കും. ആത്മാര്‍ത്ഥവും സമ്പുഷ്ടവുമായ മതാന്തര സംഭാഷണത്തിനുള്ള ഫലഭൂയിഷ്ഠമായ മണ്ണൊരുങ്ങുകയാണ് ചെയ്യുന്നത് – മാര്‍പാപ്പ പറഞ്ഞു. കുടിയേറ്റക്കാര്‍ക്കുള്ള അജപാലനത്തിന്‍റെ ചുമതല വഹിക്കുന്ന ദേശീയ ഡയറക്ടര്‍മാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ.

ക്രൈസ്തവരായ, വിശേഷിച്ചും കത്തോലിക്കരായ കുടിയേറ്റക്കാരുടെ ആഗമനം സ്ഥിരം ചൊല്ലുന്ന വിശ്വാസപ്രമാണത്തില്‍ പറയുന്ന സഭയുടെ സാര്‍വത്രികതയെന്ന സ്വഭാവം പൂര്‍ണമായി മനസ്സിലാക്കുന്നതിനു യൂറോപ്യന്‍ സഭയ്ക്ക് സഹായകരമാകുമെന്നു മാര്‍പാപ്പ അഭിപ്രായപ്പെട്ടു. അടുത്ത കാലത്ത് കത്തോലിക്കാ കുടിയേറ്റക്കാരുടെ സാന്നിദ്ധ്യം യൂറോപ്പിലെ നിരവധി പള്ളികള്‍ക്ക് ആവേശം പകര്‍ന്നു. കുടിയേറ്റ കത്തോലിക്കരുടെ ഭക്താഭ്യാസങ്ങളും ആരാധന ക്രമപരമായ തീക്ഷ്ണതയുമെല്ലാം യൂറോപ്യന്‍ സഭയ്ക്ക് പ്രചോദനമായി. കൂട്ടത്തോടെയുള്ള സങ്കീര്‍ണമായ കുടിയേറ്റം ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ യൂറോപ്പില്‍ പ്രതിസന്ധിയുണ്ടാക്കുകയും പുതിയ കുടിയേറ്റ നയങ്ങള്‍ നടപ്പില്‍ വരികയും ചെ യ്തു. പക്ഷേ സഭ സ്വന്തം ദൗത്യത്തോടു വിശ്വസ്തത പുലര്‍ത്തുന്നു. ഇതര രാജ്യങ്ങളില്‍ നിന്നുള്ള സഹോദരങ്ങളോടു സഭയ്ക്കുള്ള മാതൃസഹജമായ സ്നേഹം കുടിയേറ്റാനുഭവത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും അവരോടു പ്രകടിപ്പിക്കുവാന്‍ സഭ പ്രതിബദ്ധമാണ്. ഓരോ പ്രാദേശികസഭയും ഇതിനോടു സ്വന്തമായ വിധത്തില്‍ സഹകരിക്കണം – മാര്‍പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org