ഇന്‍റര്‍നെറ്റിലെ മതാധിഷ്ഠിത പരിപാടികള്‍ക്ക് ചൈനയില്‍ വിലക്ക്

ഇന്‍റര്‍നെറ്റിലെ മതാധിഷ്ഠിത പരിപാടികള്‍ക്ക് ചൈനയില്‍ വിലക്ക്

മതവിശ്വാസവും മതാനുഷ്ഠാനങ്ങളും അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയാണ് ചൈനയിലെ ഭരണകൂടം. മതപരമായ പ്രാര്‍ത്ഥനകളും പ്രഘോഷണങ്ങളും ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നതു നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം ചൈനയില്‍ പ്രാബല്യത്തിലാക്കി. ഓണ്‍ലൈന്‍ സുവിശേഷവത്കരണം കര്‍ക്കശമായി നിരോധിക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മതബോധനപരമായ ഉള്ളടക്കം ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് ഉള്ളടക്കം മുന്‍കൂട്ടി സമര്‍പ്പിച്ച് അനുമതി വാങ്ങിയിരിക്കണം. രാഷ്ട്രീയമായി ചൈനയ്ക്കു സ്വീകാര്യമായ ഉള്ളടക്കം മാത്രമേ പ്രസിദ്ധീകരിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. മതബോധനപരമായ ഉള്ളടക്കം പൊതുവായി ലഭ്യമാക്കാന്‍ പാടില്ല. യൂസര്‍ നെയിമുകളും പാസ്വേഡുകളും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമേ മതപരമായ ഉള്ളടക്കത്തിലേയ്ക്കു പ്രവേശനം നല്‍കാന്‍ കഴിയുകയുള്ളൂ.

പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ചൈനാവത്കരണം എന്ന നയത്തിനനുസൃതമാണ് ഈ നീക്കങ്ങള്‍ എന്നു കരുതപ്പെടുന്നു. ചൈനീസ് ദേശീയതയേയും കമ്മ്യൂണിസ്റ്റ് വിശ്വാസത്തേയും എല്ലാ മതവിശ്വാസങ്ങള്‍ക്കും ഉപരിയായി പ്രതിഷ്ഠിക്കാനാണ് ജിന്‍പിംഗ് ഉദ്ദേശിക്കുന്നത്. പള്ളികളും പൊതുസ്ഥലത്തെ കുരിശുകളും തകര്‍ക്കുക, ബൈബിളുകള്‍ കത്തിക്കുക തുടങ്ങിയ നടപടികളും ചൈനയില്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org