അമേരിക്ക മന്ത്രിതലത്തിലുള്ള മതസ്വാതന്ത്ര്യസമ്മേളനം നടത്തുന്നു

അമേരിക്ക ആദ്യമായി മന്ത്രിതലത്തിലുള്ള ഒരു മതസ്വാതന്ത്ര്യ സമ്മേളനം സംഘടിപ്പിക്കുന്നു. മതസ്വാതന്ത്ര്യമാണ് അമേരിക്കയുടെ സ്ഥാപനത്തില്‍ നിര്‍ണായകമായതെന്നും അതു സംരക്ഷിക്കുക എന്നത് ഭാവിയെ സംബന്ധിച്ചു പ്രധാനമാണെന്നും അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. 200 രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിന്‍റെ അവസ്ഥയെ കുറിച്ചു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇതറിയിച്ചത്.

മതസ്വാതന്ത്ര്യത്തെ ഭരണകൂടത്തിന്‍റെ സൃഷ്ടിയായിട്ടല്ല മറിച്ചു ദൈവദാനമായിട്ടാണ് അമേരിക്കയുടെ സ്ഥാപകര്‍ കണ്ടതെന്നു പോംപിയോ പറഞ്ഞു. വളരുന്ന ഒരു സമൂഹത്തിന്‍റെ അടിസ്ഥാനപരമായ അവകാശമാണ് മതസ്വാതന്ത്ര്യം. ലോകമെങ്ങും, ഇപ്പോഴും ഭാവിയിലും, മതസ്വാതന്ത്ര്യം വളര്‍ത്താന്‍ കടപ്പെട്ടവരാണു അമേരിക്കക്കാര്‍ – അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടനുസരിച്ച് ചൈന, ബര്‍മ, തുര്‍ക്കി, എറിട്രിയ, തജിക്കിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്മെനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവയാണ് ലോകത്തില്‍ ഏറ്റവും കുറവു മതസ്വാതന്ത്ര്യമുള്ള രാജ്യങ്ങള്‍. ചൈനയിലും എറിട്രിയയിലും സ്വന്തം വിശ്വാസം തള്ളിപ്പറയാന്‍ നൂറുകണക്കിനാളുകളെ ഭരണകൂടം നിര്‍ബന്ധിതരാക്കി. സൗദി അറേബ്യയാകട്ടെ മറ്റു അമുസ്ലീങ്ങള്‍ക്കു പരസ്യമായി വിശ്വാസജീവിതം നയിക്കുന്നതിന് അനുമതി നല്‍കുന്നില്ല. അങ്ങിനെ ചെയ്യുന്നവരെ കഠിനമായി ശിക്ഷിക്കുന്നു. പാക്കിസ്ഥാനില്‍ 50 പേരാണ് ഇപ്പോള്‍ മതദൂഷണ നിയമത്തിന്‍റെ പേരില്‍ ജയിലില്‍ കഴിയുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org