മതപരിവര്‍ത്തനമാരോപിച്ച് ക്രൈസ്തവ സ്ത്രീകളെ അറസ്റ്റ് ചെയ്തു

മതപരിവര്‍ത്തനമാരോപിച്ച് ക്രൈസ്തവ സ്ത്രീകളെ അറസ്റ്റ് ചെയ്തു

കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ മധ്യപ്രദേശില്‍ രണ്ടു ക്രിസ്ത്യന്‍ സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തുടര്‍ക്കഥകളാകുന്ന ഇത്തരം സംഭവങ്ങള്‍ ക്രൈസ്തവരെ ഉപദ്രവിക്കാനും അപഹസിക്കാനും വേണ്ടിയുള്ളതാണെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിച്ചു. അനിത ജോസഫ്, അമൃത് കുമാര്‍ എന്നീ സ്ത്രീകളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മുംബൈയിലേക്കു കുട്ടികളെ കടത്തിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയെന്ന ധര്‍മ്മ ജാഗരണ്‍ മഞ്ച് എന്ന സംഘടനയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തതെന്ന് ഇന്‍ഡോര്‍ പൊലീസ് വ്യക്തമാക്കി. കുട്ടികള്‍ക്കു നല്ല വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് അവരെ കൊണ്ടുപോകുകയായിരുന്നവത്രെ.

കഴിഞ്ഞ 14 വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള വിദ്വേഷപ്രചാരണങ്ങളും വ്യാജ ആരോപണങ്ങളും വര്‍ദ്ധിക്കുകയാണെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിച്ചു. വര്‍ഗീയവാദികളുടെ നിരീക്ഷണത്തിലാണു ക്രൈസ്തവ രെന്ന് ഇന്‍ഡോര്‍ ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍ പറഞ്ഞു. അതിനാല്‍ മിഷനറികളും സാമൂഹ്യപ്രവര്‍ത്തകരും സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം. ബാലഭവനുകള്‍, വൃദ്ധമന്ദിരങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ അതീവ ജാഗ്രതപാലിക്കണം. ചെറിയ പിശകുകള്‍ പോലും വലിയ ആപത്തുകള്‍ വരിത്തിയേക്കാം. സഭയെ എതിര്‍ക്കുന്നവര്‍ സഭയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നുണ്ടെന്നും ബിഷപ് വ്യക്തമാക്കി. ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുന്നു എന്ന വ്യാജ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചകളുണ്ടെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷനംഗം സിസ്റ്റര്‍ അനസ്താസിയ ഗില്‍ പറഞ്ഞു. ചില സംഭവങ്ങളില്‍ ക്രൈസ്തവര്‍ ഉത്തരവാദിത്വക്കുറവു വരുത്തുന്നുണ്ട്. മതിയായ രേഖകള്‍ സൂക്ഷിക്കാനും അപവാദങ്ങള്‍ ഉണ്ടാകാത്തവിധം കാര്യങ്ങള്‍ ക്രമീകരിക്കാനും സ്ഥാപനങ്ങള്‍ നടത്തുന്നവരും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org