മതസ്വാതന്ത്ര്യം മനുഷ്യാവകാശങ്ങളുടെ മൂലക്കല്ല്: വത്തിക്കാന്‍

മതസ്വാതന്ത്ര്യം മനുഷ്യാവകാശങ്ങളുടെ മൂലക്കല്ല്: വത്തിക്കാന്‍

മതസ്വാതന്ത്ര്യമാണ് മനുഷ്യാവകാശങ്ങളുടെ മൂലക്കല്ലെന്നു വത്തിക്കാന്‍ മതാന്തര സംഭാഷണകാര്യാലയത്തിന്‍റെ പ്രതിനിധിയായ മോണ്‍. ഖാലിദ് ആകാസേഹ് പ്രസ്താവിച്ചു. റോമില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത മതവിശ്വാസങ്ങള്‍ അനുഷ്ഠിക്കുന്നവരിലെല്ലാം സഹജമായിട്ടുള്ള അന്തസ്സിനെ നിഷേധിക്കുന്ന ഭരണകൂടങ്ങളും സംഘടനകളും അവരുടെ മനോഭാവം മാറ്റിയാല്‍ മാത്രമേ മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനു നിയമപരവും സാംസ്കാരികവുമായ പരിഹാരങ്ങളാണ് ഉണ്ടാകേണ്ടതെന്നു സമ്മേളനത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം സ്വന്തം രാജ്യങ്ങളില്‍ നിന്നു പ്രവാസികളായി പോയവരുടെ മതസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ ആദ്യം സ്വന്തം രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാന്‍ തയ്യാറാകണമെന്നു ലെബനോനില്‍ നിന്നുള്ള പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മധ്യപൂര്‍വദേശത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി കുടിയേറിയവരുടെ കാര്യമാണ് ഈ പ്രതിനിധികള്‍ സൂചിപ്പിച്ചത്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവരുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോഴും മതസ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലെന്നും അതേസമയം യൂറോപ്പിലേയ്ക്കു കുടിയേറിയ മുസ്ലീങ്ങള്‍ക്ക് അതു വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

പൗരസ്ത്യ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ലിയോനാര്‍ദോ സാന്ദ്രിയും സമ്മേളനത്തില്‍ സംബന്ധിച്ചു. മതസ്വാതന്ത്ര്യസംരക്ഷണത്തിനുള്ള യത്നങ്ങള്‍ക്കു വത്തിക്കാന്‍റെ പൂര്‍ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. യൂറോപ്പിലെ കുടിയേറ്റക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും അനുവദിക്കണമെന്ന ശക്തമായ നിലപാടാണ് സഭ സ്വീകരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org