ചൈനയിലും മ്യാന്‍മറിലും വിയറ്റ്നാമിലും മതസ്വാതന്ത്ര്യ ലംഘനം തുടരുന്നു

ചൈനയിലും മ്യാന്‍മറിലും വിയറ്റ്നാമിലും മതസ്വാതന്ത്ര്യ ലംഘനം തുടരുന്നു

ചൈനയിലും മ്യാന്‍മറിലും മതസ്വാതന്ത്ര്യലംഘനം രൂക്ഷമാകുന്നുവെന്നു യുഎസ് മതസ്വാതന്ത്ര്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. രണ്ടിടത്തും ക്രൈസ്തവരെയും മുസ്ലീങ്ങളെയും പിടികൂടി ജയിലലടച്ച സംഭവങ്ങളുണ്ടായി. ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണമാണ്. മ്യാന്‍മര്‍ ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ വിയറ്റ്നാമിലും മതവിഭാഗങ്ങള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.

രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ മതവിഭാഗങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നവരെ ചൈനയിലെ ഭരണകൂടം ശാരീരികമായി ആക്രമിക്കുകയും തടങ്കലിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനീസ് തീരപ്രദേശമായ സെയ്ജിയാംഗ് പ്രവിശ്യയില്‍ ക്രിസ്ത്യന്‍ നിര്‍മ്മിതികളെല്ലാം തകര്‍ക്കാനുള്ള ഒരു സംരംഭം 2014-ല്‍ ആരംഭിച്ചിരുന്നു. ആ വര്‍ഷം അവസാനത്തോടെ 600 കുരിശുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ തകര്‍ത്തു. ഇതിനെ എതിര്‍ത്ത സഭാനേതാക്കളെ ജയിലിലടക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. തിബത്തന്‍ ബുദ്ധമതവിശ്വാസികള്‍, ഉയ്ഘര്‍ മുസ്ലീങ്ങള്‍ എന്നീ വിഭാഗങ്ങളും ചൈനയില്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇവര്‍ക്ക് ജോലിയോ വീടോ ബിസിനസ് അവസരങ്ങളോ ലഭിക്കുക പതിവില്ല. പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ ബുദ്ധമതസ്ഥരുടെ ആയിരകണക്കിനു ആശ്രമപാര്‍പ്പിടങ്ങള്‍ പൊളിച്ചു മാറ്റിയിരുന്നു.

മ്യാന്‍മറില്‍ റോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരെയാണ് അതിക്രമം പ്രധാനമായും അരങ്ങേറുന്നത്. മുസ്ലീങ്ങളുമായുള്ള സൗഹാര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് അവിടെ സന്നദ്ധസംഘടനകള്‍ നിരവധി ബോധവത്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org