‘മതബോധകര്‍’: അല്മായ ശുശ്രൂഷ ഔദ്യോഗികമായി സ്ഥാപിച്ചു

‘മതബോധകര്‍’: അല്മായ ശുശ്രൂഷ ഔദ്യോഗികമായി സ്ഥാപിച്ചു

സഭയില്‍ മതബോധകര്‍ എന്ന ശുശ്രൂഷാവിഭാഗത്തെ ഔപചാരികമായി സ്ഥാപിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവു പുറപ്പെടുവിച്ചു. 'പുരാതനശുശ്രൂഷ' എന്ന പേരിലുള്ള ഉത്തരവ് ഇറ്റാലിയന്‍ ആംഗ്യഭാഷ ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ വത്തിക്കാന്‍ പുറത്തിറക്കി.
ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാ വ്യക്തികള്‍ക്കുമുള്ള മിഷണറി പ്രതിബദ്ധതയ്ക്ക് ഊന്നലേകുന്ന അല്മായ ശുശ്രൂഷാരംഗമാണിതെന്നു മാര്‍പാപ്പ വ്യക്തമാക്കി. യാതൊരു തരത്തിലുമുള്ള പുരോഹിതവത്കരണങ്ങള്‍ കൂടാതെ, തികച്ചും പൗരോഹിത്യേതരമായ വിധത്തിലാകണം ഈ ശുശ്രൂഷ നിര്‍വഹിക്കപ്പെടേണ്ടതെന്നും മാര്‍പാപ്പ നിര്‍ദേശിക്കുന്നു.
ആദിമ ക്രൈസ്തവസമൂഹത്തില്‍ തന്നെ മതബോധകര്‍ ഉണ്ടായിരുന്നുവെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ സഭയുടെ മിഷണറി വ്യാപനം നിര്‍വഹിക്കുന്നതില്‍ മതബോധകര്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. സുവിശേഷവത്കരണത്തില്‍ അത്മായപങ്കാളിത്തത്തിന്റെ പ്രാധാന്യം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കൂടുതല്‍ അംഗീകരിക്കുകയുണ്ടായി. 1972 ല്‍ വി. പോള്‍ ആറാമന്‍ മാര്‍പാപ്പയും മതബോധകരെ ഏര്‍പ്പെടുത്താന്‍ ലോകമെങ്ങുമുള്ള മെത്രാന്‍സംഘങ്ങളെ പ്രോത്സാഹിപ്പിച്ചു കത്തയച്ചിരുന്നു – മാര്‍പാപ്പ വിശദീകരിച്ചു.
മതബോധകരായി നിയമിക്കപ്പെടുന്നവര്‍ക്ക് ബൈബിളിലും ദൈവശാസ്ത്രത്തിലും അജപാലനത്തിലും മതബോധനത്തിലും അനുയോജ്യമായ പരിശീലനം ലഭിച്ചിരിക്കണമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org