മതചിഹ്നനിരോധനം അസഹിഷ്ണുത  പരത്തുമെന്ന് ക്യുബെക് മെത്രാന്മാര്‍

മതചിഹ്നനിരോധനം അസഹിഷ്ണുത പരത്തുമെന്ന് ക്യുബെക് മെത്രാന്മാര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിസമയത്തു മതചിഹ്നങ്ങള്‍ ധരിക്കുന്നതു നിരോധിച്ചുകൊണ്ട് കാനഡായിലെ ക്യുബെക് പ്രൊവിന്‍സ് നിയമം പാസ്സാക്കി. ജഡ്ജിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ക്കെല്ലാം നിയമം ബാധകമാണ്. മുസ്ലീം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നതും ക്രൈസ്തവര്‍ കുരിശുമാല ധരിക്കുന്നതും ഇതനുസരിച്ചു നിയമവിരുദ്ധമാകും. ഈ നിയമം സാമൂഹ്യസമാധാനത്തേക്കാള്‍ ഭീതിയും അസഹിഷ്ണുതയുമാകും പരത്തുകയെന്നു ക്യുബെക്കിലെ കത്തോലിക്കാ മെത്രാന്മാര്‍ പ്രസ്താവിച്ചു. മനുഷ്യരെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയുമാണു ചെയ്യേണ്ടത്, നിരസിക്കുകയും തിരസ്കരിക്കുകയുമല്ലെന്നു മെത്രാന്മാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മുസ്ലീം വനിതകളെയാണു നിയമം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നു നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും യഹൂദരും നിയമത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ക്രൈസ്തവര്‍ വന്ദിക്കുന്ന ക്രൂശിതരൂപം ഇതരമതസ്ഥരോടും എല്ലാ ജനതകളോടുമുള്ള ആദരവിന്‍റെയും തുറവിയുടെയും പ്രതീകമാണെന്ന് മോണ്‍ട്രിയോള്‍ ആര്‍ച്ചുബിഷപ് ക്രിസ്റ്റ്യന്‍ ലെപൈന്‍ പറഞ്ഞു. മുഖം മൂടുന്ന വസ്ത്രം ഓസ്ട്രിയായിലും ജര്‍മ്മന്‍ സംസ്ഥാനമായ ബവേറിയായിലും നിരോധിക്കപ്പെട്ടിട്ടുണ്ട്. സ്കൂളുകളില്‍ മതചിഹ്നങ്ങളും ശിരോവസ്ത്രങ്ങളും ഫ്രാന്‍സ് 2004-ല്‍ നിരോധിച്ചു. മുസ്ലീം കുടിയേറ്റം വര്‍ദ്ധിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇതു സജീവ ചര്‍ച്ചാവിഷയമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org