റോഹിംഗ്യന്‍ കുട്ടികള്‍ക്കായി സഭ സ്കൂള്‍ തുടങ്ങി

റോഹിംഗ്യന്‍ കുട്ടികള്‍ക്കായി സഭ സ്കൂള്‍ തുടങ്ങി

മ്യാന്‍മാറില്‍ മതമര്‍ദ്ദനത്തെ തുടര്‍ന്നു ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി എത്തിയ റോഹിംഗ്യന്‍ മുസ്ലീങ്ങളുടെ കുട്ടികള്‍ക്കായി സഭയുടെ നേതൃത്വത്തില്‍ സ്കൂള്‍ ആരംഭിച്ചു. ഇറ്റലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്ത് എജിദിയോ എന്ന അല്മായസംഘടനയാണ് ഇതിനായി സഹായം ചെയ്യുന്നത്. മൂന്നുറു കുട്ടികള്‍ക്കുള്ള സ്കൂളാണ് സഭ തുടങ്ങുക. റോഹിംഗ്യന്‍ മുസ്ലീങ്ങളുടെ അഞ്ചു ലക്ഷത്തോളം കുട്ടികളാണ് ഭാവി അനിശ്ചിതത്വത്തിലായി കഴിയുന്നതെന്നു കണക്കുകള്‍ പറയുന്നു. ദയനീയമായ സാഹചര്യങ്ങളുള്ള അഭയാര്‍ത്ഥിക്യാമ്പുകളിലാണ് ഇപ്പോള്‍ ഇവര്‍ കഴിഞ്ഞു വരുന്നത്. ബര്‍മ സൈന്യം റോഹിംഗ്യകളുടെ ഗ്രാമങ്ങള്‍ നശിപ്പിക്കുകയും വീടുകള്‍ കത്തിക്കുകയും കഴിഞ്ഞ വര്‍ഷം മാത്രം ഏഴായിരത്തോളം പേരെ കൊലപ്പെടുത്തുകയും ചെയ്തു.

മ്യാന്‍മാറില്‍ അദ്ധ്യാപകരായി പ്രവര്‍ത്തിക്കുകയും പിന്നീട് അഭയാര്‍ത്ഥികളായി ബംഗ്ലാദേശില്‍ എത്തുകയും ചെയ്ത ഏതാനും പേരെയാണ് സഭാസ്കൂളില്‍ അദ്ധ്യാപകരായി കണ്ടെത്തിയിരിക്കുന്നത്. അഭയാര്‍ത്ഥികളെ മ്യാന്‍മാറിലേയ്ക്കു മടക്കി അയയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇരു ഭരണകൂടങ്ങളും തമ്മില്‍ നടന്നു വരുന്നുണ്ട്. പക്ഷേ അതു പുതിയ സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഒരു ദിവസം പരമാവധി 300 പേരെ വീതം മ്യാന്‍മാറിലേയ്ക്കു തിരികെ പ്രവേശിപ്പിക്കാമെന്ന വ്യവസ്ഥയാണ് അവര്‍ മുന്നോട്ടു വയ്ക്കുന്നത്. ഇതിനര്‍ത്ഥം മുഴുവന്‍ പേരെയും സ്വീകരിക്കുന്നതിന് 10 വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുക എന്നത് അവരില്‍ ഭാവി സംബന്ധിച്ചു പ്രത്യാശ നിലനിറുത്താന്‍ ആവശ്യമാണെന്ന് സാന്ത് എജിദിയോയു ടെ നേതാക്കള്‍ പ്രസ്താവിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org