റോമന്‍ കൂരിയാ ഭരണഘടന ഉടന്‍: അത്മായര്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമെന്നു സൂചന

റോമന്‍ കൂരിയാ ഭരണഘടന ഉടന്‍: അത്മായര്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമെന്നു സൂചന

റോമന്‍ കൂരിയായുടെ പരിഷ്കരണം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പുതിയ ഭരണഘടന വൈകാതെ പുറത്തിറങ്ങുമെന്നും "സുവിശേഷം പ്രസംഗിക്കുക" എന്നതായിരിക്കും അതിന്‍റെ പേരെന്നും വാര്‍ത്തകള്‍. പുതിയ ഭരണഘടന നടപ്പാകുമ്പോള്‍ റോമന്‍ കൂരിയായിലെ കുടുതല്‍ ഉന്നതപദവികളില്‍ അല്മായരും വനിതകളും നിയമിക്കപ്പെടുമെന്നും കരുതപ്പെടുന്നു. അധികാരമേറ്റതു മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഒമ്പതംഗ കാര്‍ഡിനല്‍ ഉപദേശകസമിതി കൂരിയാ പരിഷ്കരണത്തിനുള്ള പരിശ്രമങ്ങള്‍ നടത്തി വരികയാണ്. വിവിധ വത്തിക്കാന്‍ കാര്യാലയങ്ങളെ ലയിപ്പിച്ച് എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ തുടരുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം മാധ്യമകാര്യാലയത്തിന്‍റെ തലവനായി അല്മായനെ നിയോഗിച്ചിരുന്നു. അല്മായ-കുടുംബ കാര്യാലയത്തിന്‍റെ അണ്ടര്‍ സെക്രട്ടറിമാരായി രണ്ടു വനിതകളെ നിയമിച്ചതും ചരിത്രപരമായ തീരുമാനമായിരുന്നു. സാമ്പത്തിക സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന പദവികളിലും അല്മായരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരുന്നു. ഇത്തരം നിയമനങ്ങള്‍ തുടര്‍ന്നേക്കും. അതേസമയം സഭാഭരണത്തില്‍ കൗദാശികാഭിഷേകത്തിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്കും ഇതു വഴിമരുന്നിട്ടിട്ടുണ്ട്. മാര്‍പാപ്പയുടെ അധികാരശുശ്രൂഷയിലുള്ള പങ്കാളിത്തമാണ് പല കാര്യാലയങ്ങളും നടത്തുന്നതെന്നും അതിനാല്‍ കാര്‍ഡിനല്‍മാര്‍ അദ്ധ്യക്ഷരാകുകയാകും ഉചിതമെന്നും കരുതുന്നവര്‍ വത്തിക്കാനിലുണ്ട്. സഭയില്‍ ഭരണപരമായ അധികാരത്തിനുള്ള അവശ്യയോഗ്യതയായി അഭിഷേകത്തെ കാനോന്‍ നിയമം നിര്‍വചിച്ചിട്ടുണ്ട്. അല്മായര്‍ക്ക് ഭരണനിര്‍വഹണത്തില്‍ 'സഹകരിക്കാമെന്നാണു' നിയമം. സ്വന്തം നിലയില്‍ സഭയില്‍ അധികാരം പ്രയോഗിക്കാന്‍ കൗദാശികമായ അഭിഷേകമില്ലാത്തവര്‍ക്ക് അനുമതിയില്ല. അല്മായര്‍ക്ക് രൂപതകളില്‍ ചാന്‍സലര്‍മാരാകാമെങ്കിലും വികാരി ജനറല്‍ ആകാന്‍ കഴിയില്ല എന്ന വ്യത്യാസമാണ് ഇവര്‍ ചൂ ണ്ടിക്കാണിക്കുന്നത്. അപ്പോള്‍ ചാന്‍സലറിനു സമാനമായ പദവികളില്‍ റോമന്‍ കൂരിയായിലും അല്മായരെ നിയോഗിക്കുകയെന്നത് അസാദ്ധ്യമല്ല. മെത്രാന്മാര്‍ക്കോ സന്യാസസഭാമേധാവികള്‍ക്കോ കല്‍പനകള്‍ നല്‍കാന്‍ കഴിയുന്ന പദവികളില്‍ അല്മായരെ നിയോഗിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്നവരുണ്ട്. അല്മായര്‍ക്കു കൂരിയായില്‍ കൂടുതല്‍ അധികാരം കൊടുക്കുക എന്നത് ഫലത്തില്‍ റോമന്‍ കൂരിയായുടെ മൊത്തത്തിലുള്ള അധികാരവും പ്രൗഢിയും കുറയ്ക്കുമെന്നും അതുതന്നെയാവാം പരോക്ഷമായി മാര്‍പാപ്പ ലക്ഷ്യമിടുന്നതെന്നും കരുതുന്നവരും ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org