അംഗങ്ങളെ മാറ്റാവുന്നതാണെന്ന് കാര്‍ഡിനല്‍മാരുടെ ഉപദേശകസമിതി

അംഗങ്ങളെ മാറ്റാവുന്നതാണെന്ന് കാര്‍ഡിനല്‍മാരുടെ ഉപദേശകസമിതി
Published on

റോമന്‍ കൂരിയാ പരിഷ്കരണത്തിലും മറ്റും തനിക്കു കൂടിയാലോചന നടത്തുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പ രൂപീകരിച്ച ഒമ്പതംഗ കാര്‍ഡിനല്‍ സമിതി മാര്‍പാപ്പയ്ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അസാധാരണമായ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. അമേരിക്കയിലെ മുന്‍ കാര്‍ഡിനല്‍ തിയഡോര്‍ മക്കാരിക്കിനെതിരായ ലൈംഗികചൂഷണ പരാതി കൈകാര്യം ചെയ്തതില്‍ മാര്‍പാപ്പ വീഴ്ച വരുത്തിയെന്ന് അമേരിക്കയിലെ മുന്‍ വത്തിക്കാന്‍ സ്ഥാനപതി ആരോപിക്കുകയും അതു വന്‍വിവാദങ്ങള്‍ക്കു കാരണമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്. ഇതേ കുറിച്ചു പ്രതികരിക്കാനില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. വത്തിക്കാന്‍റെ ഔദ്യോഗിക പ്രതികരണം വൈകാതെ ഉണ്ടായേക്കുമെന്നാണ് കാര്‍ഡിനല്‍ സമിതിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

കാര്‍ഡിനല്‍മാരുടെ ഉപദേശകസമിതിയുടെ ഉത്തരവാദിത്വം, ഘടന, അംഗങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തങ്ങള്‍ മാര്‍പാപ്പയോട് അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും കാര്‍ഡിനല്‍മാര്‍ പറഞ്ഞു. ബിഷപ്പുമാരുടെ വിരമിക്കല്‍ പ്രായമായ 75 വയസ്സ് പൂര്‍ത്തിയാക്കുന്ന അഞ്ച് കാര്‍ഡിനല്‍മാര്‍ സമിതിയിലുണ്ട് എന്നതാണ് അംഗങ്ങളെ മാറ്റി പുതിയവരെ നിയമിക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ കാരണമായി സമിതി പറയുന്നത്. എന്നാല്‍, ഈ കാര്‍ഡിനല്‍മാരില്‍ ചിലര്‍ പുതിയ വിവാദങ്ങളില്‍ ആരോപണവിധേയരാണ് എന്നതാണ് യഥാര്‍ത്ഥ കാരണമെന്നു കരുതപ്പെടുന്നു. 2013 ലാണ് തന്നെ ഉപദേശിക്കുന്നതിനായി കാര്‍ഡിനല്‍മാരുടെ സമിതിയെ പാപ്പ നിയമിച്ചത്. അഞ്ചു വര്‍ഷത്തേക്കാണ് നിയമനമെന്നും അന്നു പറഞ്ഞിരുന്നു. അതനുസരിച്ചുള്ള കാലാവധിയും പൂര്‍ത്തിയാകുകയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org