കൊളോസിയത്തിലെ കുരിശിന്‍റെ വഴി: വിചിന്തനമെഴുതുന്നത് കന്യാസ്ത്രീ

കൊളോസിയത്തിലെ കുരിശിന്‍റെ വഴി: വിചിന്തനമെഴുതുന്നത് കന്യാസ്ത്രീ

ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ പരമ്പരാഗതമായി നടത്തി വരുന്ന കുരിശിന്‍റെ വഴിക്കു വേണ്ടി ഈ വര്‍ഷം വിചിന്തനമെഴുതാന്‍ നിയോഗിച്ചിരിക്കുന്നത് സി. യൂജെനിയ ബോണെറ്റി ആണ്. 80 വയസ്സുള്ള സിസ്റ്റര്‍ ബോണെറ്റി മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നയാളാണ്. മനുഷ്യക്കടത്തിനും അടിമത്തത്തിന്‍റെ ആധുനികരൂപങ്ങള്‍ക്കും ഇരകളാകുന്ന വ്യക്തികളുടെ വേദനകളാണ് കുരിശിന്‍റെ വഴിയിലെ വിചിന്തനങ്ങള്‍ക്കും ആധാരമാക്കുകയെന്നു വത്തിക്കാന്‍ വക്താവ് അലെസ്സാന്ദ്രോ ജിസോറ്റി അറിയിച്ചു.

ഇറ്റലിക്കാരിയായ സി. ബൊണെറ്റി മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ നേടിയ വ്യക്തിയാണ്. മനുഷ്യക്കടത്തിനെതിരായ വാര്‍ഷിക പ്രാര്‍ത്ഥനാ-ബോധവത്കരണ ദിനാചരണം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത് സിസ്റ്ററിന്‍റെ ശ്രമഫലമായാണ്. 2015-ലാണ് സഭ ഈ ദിനാചരണം തുടങ്ങിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലെത്തിയതു മുതല്‍ അദ്ദേഹം നിരന്തരമായി ഉന്നയിച്ചു വരുന്ന ഒരു വിഷയമാണ് മനുഷ്യക്കടത്തും ചൂഷണവും.

കഴിഞ്ഞ വര്‍ഷം കൊളോസിയത്തിലെ കുരിശിന്‍റെ വഴിക്കുവേണ്ടിയുള്ള വിചിന്തനങ്ങള്‍ തയ്യാറാക്കിയത് ഇറ്റലിയിലെ പണ്ഡിതന്മാരുടെ ഒരു സംഘമാണ്. ദുഃഖവെള്ളിയാഴ്ച കൊളോസിയത്തില്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടത്തുന്ന പതിവു തുടങ്ങി വച്ചത് 1758-ല്‍ ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയാണ്. കുറെ കാലം മുടങ്ങിപ്പോയ ഈ പതിവ് പിന്നീട് 1963-ല്‍ പോള്‍ ആറാമന്‍ മാര്‍ പാപ്പ പുനഃരാരംഭിച്ചു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തോളം പേര്‍ കൊളോസിയത്തിലെ കുരിശിന്‍റെ വഴിയില്‍ പങ്കെടുക്കാനെത്താറുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org