Latest News
|^| Home -> International -> യുവജനദിനത്തിന് ബെത്ലെഹമില്‍ നിന്നെത്തുന്നത് പത്തു ലക്ഷം ജപമാലകള്‍

യുവജനദിനത്തിന് ബെത്ലെഹമില്‍ നിന്നെത്തുന്നത് പത്തു ലക്ഷം ജപമാലകള്‍

Sathyadeepam

പനാമയിലെ ആഗോളയുവജനദിനാഘോഷത്തിന് ക്രിസ്തു ജനിച്ച ബെത്ലേഹമില്‍ നിന്നെത്തുന്നത് പത്തു ലക്ഷം ജപമാലകള്‍. ബെത് ലെഹമിലെ കരകൗശലജോലിക്കാര്‍ നിര്‍മ്മിച്ച കൊന്തകള്‍ അവരെ സഹായിക്കുന്നതിന്‍റെ ഭാഗമായി എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയാണ് പനാമയിലെത്തിക്കുന്നത്. സാമ്പത്തികപരാധീനതകള്‍ മൂലം ബെത്ലെഹമിലെ ക്രൈസ്തവര്‍ അന്യരാജ്യങ്ങളിലേയ്ക്കു പലായനം ചെയ്യുകയും ഇത് വിശുദ്ധനാട്ടിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ കുറവുണ്ടാക്കുകയുമാണ്. ഇതൊഴിവാക്കുന്നതിന് തീര്‍ത്ഥാടനത്തിലൂടെയും മറ്റു പദ്ധതികളിലൂടെയും അവരെ സഹായിക്കുന്നതിന് ആഗോളസഭ ശ്രമിക്കുന്നുണ്ട്. ഈ പദ്ധതികളില്‍ മുന്‍പില്‍ നില്‍ക്കുന്ന ഉപവിസംഘടനയാണ് ജര്‍മ്മനി ആസ്ഥാനമായുള്ള എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എസിഎന്‍).

ആഗോളയുവജനദിനാഘോഷത്തിനു പനാമയിലെത്തുന്ന യുവജനങ്ങള്‍ക്ക് ഈ ജപമാലകള്‍ സമ്മാനമായി നല്‍കും. 1 ലക്ഷം യൂറോയാണ് എസിഎന്‍ ഇതിനായി നീക്കി വച്ചിരിക്കുന്നത്. ബെത്ലേഹമിലെ ഇരുന്നൂറു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ ജപമാലനിര്‍മ്മാണത്തിലായിരുന്നു. ഒരു വര്‍ഷത്തേയ്ക്കാവശ്യമുള്ള വരുമാനം അവര്‍ക്കിതിലൂടെ ലഭ്യമാക്കിയതായി എസിഎന്‍ അറിയിച്ചു. വരുമാനം ലഭിച്ചു എന്നതു കൂടാതെ തങ്ങള്‍ നിര്‍മ്മിച്ച കൊന്തകള്‍ അനേകം ലോകരാജ്യങ്ങളില്‍ നിന്നുള്ള ലക്ഷകണക്കിനു യുവാക്കളുടെ കരങ്ങളിലെത്തുമെന്നതും അവരുടെ പ്രാര്‍ത്ഥനകള്‍ക്കു സഹായകരമാകുമെന്നതും ബെത്ലേഹമിലെ ക്രൈസ്തവകുടുംബങ്ങള്‍ക്കു വലിയ സന്തോഷം പകരുന്നുണ്ടെന്നും എസി എന്‍ പറഞ്ഞു.

ആഗോളയുവജനദിനാഘോഷത്തിനെത്തുന്ന യുവജനങ്ങള്‍ക്ക് യുക്യാറ്റിന്‍റെ കോപ്പികള്‍ നല്‍കുന്നതിന് 4.5 ലക്ഷം യൂറോയും എസിഎന്‍ നല്‍കുന്നുണ്ട്.

Leave a Comment

*
*