റബര്‍ ബോര്‍ഡിന്‍റെ പ്രഖ്യാപനങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തത്: ഇന്‍ഫാം

റബര്‍ മേഖല നേരിടുന്ന പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതിനു കാരണം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്‍റെ കീഴിലുള്ള റബര്‍ ബോര്‍ഡിന്‍റെ കര്‍ഷകവിരുദ്ധ സമീപനമാണെന്ന റബര്‍ ബോര്‍ഡിന്‍റെ വിശദീകരണം റബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാതെയുള്ളതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നും ദേശീയ കര്‍ഷകസംഘടനയായ ഇന്‍ഫാം ആരോപിച്ചു. ആഗോളവിപണിയില്‍ തുറന്ന കമ്പോളവ്യവസ്ഥ നിലനില്ക്കുന്നതുമൂലം ആഭ്യന്തരവിപണിവില ഇന്ത്യയുടെ മാത്രം നിയന്ത്രണത്തില്‍ വരുന്ന കാര്യമല്ലെന്നു പറയുമ്പോള്‍ ലോകത്തിലെ 82 ശതമാനം റബറുല്പാദിപ്പിക്കുന്ന തായ്ലണ്ട്, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ വിപണിവിലയുടെ ഇരട്ടി നല്‍കി കര്‍ഷകരില്‍നിന്ന് നേരിട്ട് റബര്‍ സംഭരിച്ച് റബര്‍കര്‍ഷകരെ സംരക്ഷിക്കുന്നത് റബര്‍ബോര്‍ഡ് സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം ഓരോ സംസ്ഥാനങ്ങളിലും റബറിന്‍റെ ഉല്പാദനച്ചെലവ് റബര്‍ബോര്‍ഡ് കണക്കാക്കിയതിന്‍ പ്രകാരം റബറിന് തറവില പ്രഖ്യാപിക്കുന്നത് അട്ടിമറിക്കുന്നത് റബര്‍ ബോര്‍ഡാണ്. കേരളത്തിലെ ഉല്പാദനച്ചെലവ് 172.07 രൂപയാണെന്നിരിക്കെ തറവില പ്രഖ്യാപനത്തിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ബോര്‍ഡ് പരാജയപ്പെട്ടു. കഴിഞ്ഞ ഏഴു വര്‍ഷമായി തുടരുന്ന റബര്‍ വിലയിടിവ് ഉടന്‍ മാറുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. അനിയന്ത്രിത ഇറക്കുമതിക്ക് ആന്‍റി ഡമ്പിംഗ് ഡ്യൂട്ടി, സെയ്ഫ് ഗാര്‍ഡ് ഡ്യൂട്ടി എന്നിവ ഏര്‍പ്പെടുത്തി നിയന്ത്രണമേര്‍പ്പെടുത്താതെ അഡ്വാന്‍സ് ഓതറൈസേഷന്‍ സ്കീമിലൂടെ നികുതിരഹിത റബര്‍ ഇറക്കുമതിക്ക് റബര്‍ ബോര്‍ഡ് ഒത്താശ ചെയ്തിട്ട് കര്‍ഷകസംരക്ഷണം നടത്തുമെന്ന് റബര്‍ ബോര്‍ഡ് നടത്തുന്ന പ്രഖ്യാപനങ്ങള്‍ മുഖവിലയ്ക്കെടുക്കില്ലെന്നും കര്‍ഷകരെ മറന്ന് വ്യവസായികളെ മാത്രം സംരക്ഷിക്കുന്ന ബോര്‍ഡിന്‍റെ കര്‍ഷകനിഷേധ നിലപാട് തിരുത്തണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org