റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസുമായി വഴി പിരിഞ്ഞു

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസുമായി വഴി പിരിഞ്ഞു

കോണ്‍സ്റ്റാന്‍റിനോപ്പിള്‍ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ നേതൃത്വം തീരുമാനമെടുത്തു. ഉക്രെയിനിലെ സ്വതന്ത്ര ഓര്‍ത്തഡോക്സ് സഭയ്ക്ക് എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് അംഗീകാരം നല്‍കിയതാണ് കാരണം. ഉക്രെയിനെ ഓര്‍ത്തഡോക്സ് സഭ റഷ്യന്‍ സഭയുടെ ഭാഗമായി മോസ്കോ പാത്രിയര്‍ക്കേറ്റിനു കീഴില്‍ നില്‍ക്കണമെന്നായിരുന്നു റഷ്യന്‍ സഭയുടെ വാദം. ഇതിനു വിരുദ്ധമായി ഉക്രെയിനിലെ സഭ സ്വതന്ത്രമായതും അതിന് അംഗീകാരം നല്‍കിയതും ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ രീതികള്‍ക്കു വിരുദ്ധമാണെന്ന് മോസ്കോ പാത്രിയര്‍ക്കേറ്റ് കുറ്റപ്പെടുത്തുന്നു.

നിയമവിരുദ്ധവും കാനോനിക്കലായി അസാധുവുമായ പ്രവൃത്തികളോടുള്ള പ്രതികരണമെന്ന നിലയില്‍ എക്യുമെനിക്കല്‍ സഭയുമായുള്ള ദിവ്യകാരുണ്യകൂട്ടായ്മ അവസാനിപ്പിക്കുന്നുവെന്നാണ് റഷ്യന്‍ സഭയുടെ വിദേശകാര്യചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് ഹിലാരിയോണ്‍ പ്രസ്താവിച്ചത്. ശീശ്മാവാദികള്‍ ഓര്‍ത്തഡോക്സ് കാനോനിക്കല്‍ കൂട്ടായ്മയില്‍ നിന്നു സ്വമേധയാ പുറത്തായി എന്നാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സിനഡിനു ശേഷം ആര്‍ച്ചുബിഷപ് പറഞ്ഞത്.

എന്നാല്‍ സ്വയം ഒറ്റപ്പെടുത്തുന്ന ഒരു നീക്കമാണ് റഷ്യന്‍ സഭ നടത്തിയിരിക്കുന്നതെന്നു ഉക്രെയിനിലെ കീവ് ആസ്ഥാനമായുള്ള ഉക്രെനിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കേറ്റിന്‍റെ വക്താവ് പ്രസ്താവിച്ചു. സോവ്യറ്റ് യൂണിയന്‍റെ ശിഥിലീകരണത്തെ തുടര്‍ന്ന് 90-കളിലാണ് ഉക്രെയിനിലെ ഓര്‍ത്തഡോക്സ് സഭ സ്വതന്ത്രമാകണമെന്ന ആവശ്യം ശക്തിപ്പെട്ടത്. കിവിലെ പാത്രിയര്‍ക്കേറ്റ് 1992- ല്‍ തന്നെ മോസ്കോയില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുണ്ടായ വിവിധ പ്രശ്നങ്ങള്‍ മൂലം ഉക്രെയിനിലെ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ മൂന്നു വിഭാഗങ്ങളായി കഴിഞ്ഞു പോരികയായിരുന്നു. മൂന്നു കോടിയോളം വരുന്ന ഈ വിശ്വാസികളെ ഒന്നിപ്പിക്കുന്നതിനു വേണ്ടിക്കൂടിയാണ് ഉക്രേനിയന്‍ ഓര്‍ത്തഡോക്സ് സഭ മോസ്കോയില്‍ നിന്നു വേര്‍പെട്ട് ഒരു സ്വതന്ത്ര സഭയായി മാറുക എന്ന ആശയത്തെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് പിന്തുണച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org