ഓര്‍ത്തഡോക്സ് തര്‍ക്കം: റഷ്യന്‍ സഭ ദൈവശാസ്ത്രകമ്മീഷനില്‍ നിന്നു പിന്‍വാങ്ങി

ഓര്‍ത്തഡോക്സ് തര്‍ക്കം: റഷ്യന്‍ സഭ ദൈവശാസ്ത്രകമ്മീഷനില്‍ നിന്നു പിന്‍വാങ്ങി

കത്തോലിക്കാ-ഓര്‍ത്തഡോക്സ് ദൈവശാസ്ത്ര സംഭാഷണത്തിനുള്ള കമ്മീഷനില്‍നിന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ പിന്‍വാങ്ങി. റഷ്യന്‍, കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസുമാര്‍ തമ്മിലുള്ള തര്‍ക്കമാണ് പിന്‍മാറ്റത്തിന്‍റെ അടിസ്ഥാനപരമായ കാരണം. ഉക്രെയിനിലെ ഓര്‍ത്തഡോക്സ് സഭ റഷ്യന്‍ സഭയുടെ മോസ്കോ പാത്രിയര്‍ക്കേറ്റുമായി ബന്ധം വിച്ഛേദിച്ചു സ്വതന്ത്രസഭയായതും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസ് അതിനെ പിന്തുണച്ചതുമാണ് തര്‍ക്കത്തിനു കാരണം. റഷ്യന്‍ സഭയില്‍ ഇതരസഭാകാര്യങ്ങളുടെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് ഹിലാരിയോണ്‍ റോമിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തങ്ങള്‍ ദൈവശാസ്ത്ര കമ്മീഷനില്‍ നിന്നു പിന്‍വാങ്ങുകയാണെന്നു പ്രഖ്യാപിച്ചത്. കത്തോലിക്കാസഭയുമായുള്ള ഉഭയകക്ഷിബന്ധങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓര്‍ത്തഡോക്സ് സഭാതര്‍ക്കത്തില്‍ കത്തോലിക്കാസഭ കക്ഷിയല്ലെങ്കിലും റഷ്യന്‍ പാത്രിയര്‍ക്കീസ് കിറിലുമായും കോണ്‍സ്റ്റാന്‍റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോയുമായും സവിശേഷമായ വ്യക്തിബന്ധം സൂക്ഷിക്കുന്നയാളാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്നതിനാല്‍ ഈ വിഷയത്തിലെ പാപ്പായുടെ നിലപാടുകള്‍ സഭാബന്ധങ്ങളെ പരോക്ഷമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിനകം മൂന്നു കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ഇരുവരും സംയുക്ത സന്ദേശം പുറപ്പെടുവിക്കുകയും ചെയ്തു. റഷ്യന്‍ പാത്രിയര്‍ക്കീസുമായി ക്യൂബയില്‍ വച്ച് 2016-ല്‍ മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയത് ചരിത്രപ്രധാനമായ സംഭവമായിരുന്നു. മുന്‍പ് പലവട്ടം ശ്രമിച്ചിട്ടും നടക്കാതിരുന്ന കൂടിക്കാഴ്ചയാണ് റഷ്യയും വത്തിക്കാനുമല്ലാത്ത ഒരു രാജ്യത്തു വച്ച് സാദ്ധ്യമാക്കിയത്. വത്തിക്കാന്‍റെ പക്കലായിരുന്ന വി. നിക്കോളാസിന്‍റെ തിരുശേഷിപ്പ് 2016-ല്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ വണക്കത്തിനായി റഷ്യയിലേയ്ക്കു നല്‍കിയത് ഇരുസഭകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കിയിരുന്നു. കത്തോലിക്കാ-ഓര്‍ത്തഡോക്സ് ദൈവശാസ്ത്രസംഭാഷണം ശ്രദ്ധേയമായ രീതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് റഷ്യന്‍ സഭയുടെ പിന്‍മാറ്റം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org