റഷ്യന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത മാര്‍പാപ്പയെ സന്ദര്‍ശിച്ചു

റഷ്യന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത മാര്‍പാപ്പയെ സന്ദര്‍ശിച്ചു

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സഭാന്തര ബന്ധങ്ങളുടെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ് ഹിലാരിയോണ്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നാലാം നൂറ്റാണ്ടിലെ വിശുദ്ധനായ മീറായിലെ വി. നിക്കോളാസിന്‍റെ തിരുശേഷിപ്പ് മാര്‍പാപ്പ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു സമ്മാനിച്ചിരുന്നു. അതിനു നന്ദി പറയാനാണ് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധി റോമിലെത്തിയത്. പൗരസ്ത്യസഭയുടെ വിശുദ്ധനായ നിക്കോളാസിന്‍റെ തിരുശേഷിപ്പ് തെക്കന്‍ ഇറ്റലിയിലെ ബാരിയിലാണ് സൂക്ഷിച്ചിരുന്നത്. ഉക്രെയിനില്‍ നടക്കുന്ന സംഘര്‍ഷങ്ങളും മദ്ധ്യപൂര്‍വദേശത്തെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളും മാര്‍പാപ്പയുമായി താന്‍ ചര്‍ച്ച ചെയ്തുവെന്ന് ആര്‍ച്ചുബിഷപ് ഹിലാരിയോണ്‍ അറിയിച്ചു.

വിശുദ്ധന്‍റെ തിരുശേഷിപ്പ് റഷ്യയിലെത്തിച്ചത് കത്തോലിക്കരും ഓര്‍ത്തഡോക്സുകാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ വളരെയധികം സഹായിച്ചതായി ഓര്‍ത്തഡോക്സ് സഭാനേതൃത്വം നേരത്തെ പറഞ്ഞിരുന്നു. റഷ്യയിലും മറ്റു പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലും കത്തോലിക്കാസഭയും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധം പ്രശ്നസങ്കീര്‍ണമായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഭരണകൂടത്തിന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ഓര്‍ത്തഡോക്സ് സഭ അനുഭവിച്ചിരുന്നു. കമ്മ്യൂണിസത്തിന്‍റെ തകര്‍ച്ചയ്ക്കു ശേഷം കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിച്ചത് ചില അസ്വസ്ഥതകള്‍ ഉണ്ടാക്കി. റഷ്യന്‍ സന്ദര്‍ശിക്കാനുള്ള മാര്‍പാപ്പമാരുടെ ആഗ്രഹത്തോടു റഷ്യ ഓര്‍ത്തഡോക്സ് സഭ നിസംഗത പുലര്‍ത്തി. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് കിറിലും ക്യൂബയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയത് ചരിത്രപരമായ നേട്ടമായിരുന്നു. പാത്രിയര്‍ക്കീസ് വത്തിക്കാനിലേക്കോ മാര്‍പാപ്പ റഷ്യയിലേയ്ക്കോ വരുന്നതിനെ കുറിച്ച് ഇപ്പോള്‍ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ലെന്ന് ആര്‍ച്ചുബിഷപ് ഹിലാരിയോണ്‍ സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org