സഭാമാതാവായ പ.മറിയത്തിന്‍െറ തിരുനാള്‍ ഔദ്യോഗികമാക്കുന്നു

സഭാമാതാവായ പ.മറിയത്തിന്‍െറ  തിരുനാള്‍ ഔദ്യോഗികമാക്കുന്നു

സഭാമാതാവായ പ. മറിയത്തിന്‍റെ തിരുനാള്‍ ആഘോഷം സഭയുടെ ആരാധനാക്രമ കലണ്ടറില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവു പുറപ്പെടുവിച്ചു. പെന്തക്കോസ്തു തിരുനാളിന്‍റെ തൊട്ടു പിറ്റേന്നായിരിക്കും ഈ തിരുനാള്‍. പ. മറിയത്തെ സഭാമാതാവായി പരിഗണിച്ചുകൊണ്ട് സഭയില്‍ പുരാതനകാലം മുതല്‍ നിലനിന്നു വരുന്ന പാരമ്പര്യത്തിന്‍റെ വെളിച്ചത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ തീരുമാനമെന്നു വത്തിക്കാന്‍ ആരാധനക്രമ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സാറാ പറഞ്ഞു. മരിയഭക്തി പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം സഭയുടെ മാതൃഭാവത്തെക്കുറിച്ചുള്ള അവബോധം അജപാലകരിലും സന്യസ്തരിലും വിശ്വാസികളിലും ഉണര്‍ത്തുക എന്നതും ഈ തീരുമാനം കൊണ്ട് ഉദ്ദേശിക്കുന്നുണ്ടെന്ന് കാര്‍ഡിനല്‍ വിശദീകരിച്ചു.
സഭയില്‍ പ. മറിയത്തിനുള്ള സ്ഥാനത്തെക്കുറിച്ച് വി.അഗസ്റ്റിന്‍ മുതല്‍ വി. ലിയോ മാര്‍പാപ്പ വരെയുള്ളവരുടെ പ്രധാനപ്പെട്ട പ്രബോധനങ്ങളുണ്ടെന്ന് കാര്‍ഡിനല്‍ സാറാ ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്‍റെ മാതാവായ മറിയം ക്രിസ്തുവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങളുടേയും മാതാവാണെന്നു ലിയോ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്.
1964-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പ. മറിയത്തെ സഭാമാതാവായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സഭാമാതാവായ പ. മറിയത്തിന്‍റെ തിരുനാളിനു നിശ്ചിതമായ ഒരു തീയതിയും കൈവരികയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org