Latest News
|^| Home -> National -> സഭാശുശ്രൂഷകര്‍ സഭയുടെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളണം — മാര്‍ ആലഞ്ചേരി

സഭാശുശ്രൂഷകര്‍ സഭയുടെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളണം — മാര്‍ ആലഞ്ചേരി

Sathyadeepam

യേശുവാകുന്ന യഥാര്‍ത്ഥ ജ്ഞാനസ്നാനം സ്വീകരിച്ച പൂജ രാജാക്കന്മാര്‍ ശരിയായ പാതയില്‍ സഞ്ചരിച്ചതുപോലെ കാലാകാലങ്ങളില്‍ സഭ നല്‍കുന്ന പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ട് സഭയുടെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കേണ്ടവരാണു സഭാ ശുശ്രൂഷകരെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിപ്പിച്ചു. സഭാസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കമ്മീഷനുകളുടെയും കമ്മിറ്റികളുടെയും സെക്രട്ടറിമാരുടെയും ഓഫീസ് സെക്രട്ടറിമാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

സുരക്ഷിതത്വം നോക്കാതെയും പകച്ചു നില്‍ക്കാതെയും പൊതുസമൂഹത്തോടു സംവദിച്ചു ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കേണ്ടത് സഭയുടെ ഉത്തരവാദിത്വമാണെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. പ്രവര്‍ത്തന ബാഹുല്യത്തില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടരുതെന്നും നല്ല മാതൃകകളാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യമെന്നും മാര്‍ വാണിയപ്പുരയ്ക്കല്‍ സൂചിപ്പിച്ചു. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ റവ. ഡോ. വിന്‍സെന്‍റ് ചെറുവത്തൂര്‍, ഫിനാന്‍സ് ഓഫീ സര്‍ ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. എപ്പിസ്കോപ്പല്‍ കമ്മീഷനുകളിലെ സെക്രട്ടറിമാരും ഓഫീസ് സെക്രട്ടറിമാരും ഭാരവാഹികളുമായ വൈദികരും സന്യാസിനികളും അല്മായരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

Leave a Comment

*
*