സഭയിലെ അധികാരം പ്രയോഗിച്ചുള്ള ചൂഷണങ്ങള്‍ക്കെതിരെ കര്‍ക്കശനീക്കവുമായി മാര്‍പാപ്പ

സഭയിലെ അധികാരം പ്രയോഗിച്ചുള്ള ചൂഷണങ്ങള്‍ക്കെതിരെ കര്‍ക്കശനീക്കവുമായി മാര്‍പാപ്പ
Published on

സഭയിലെ ലൈംഗികചൂഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച പുതിയ ഉത്തരവ് അധികാരം ദുരുപയോഗിച്ചുകൊണ്ടുള്ള അതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുമെന്നു വിലയിരുത്തപ്പെടുന്നു. "നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്" എന്ന പേരിലുള്ള പുതിയ ഉത്തരവ് മൂന്നു വര്‍ഷത്തേക്കാണു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക. ജൂണ്‍ ഒന്നിന് ഇതു പ്രാബല്യത്തില്‍ വരും.

അധികാരം ഉപയോഗപ്പെടുത്തി സെമിനാരി വിദ്യാര്‍ത്ഥികളേയോ സന്യസ്തരേയോ ലൈംഗികചൂഷണത്തിനു വിധേയമാക്കുന്നത് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ബലവശ്യരായ മുതിര്‍ന്നവര്‍ക്കുമെതിരായ ചൂഷണങ്ങള്‍ പോലെ തന്നെ ഗുരുതരമായ കുറ്റകൃത്യമായി വ്യവസ്ഥ ചെയ്യുന്നതാണു പുതിയ നിയമം. മുമ്പ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും മാനസീകവും മറ്റുമായ കാരണങ്ങളാല്‍ ചൂഷണങ്ങളെ ചെറുക്കാനാകാത്ത പ്രായപൂര്‍ത്തിയായവര്‍ക്കും എതിരായ ചൂഷണങ്ങളുടെ രീതിയിലല്ല, പ്രായപൂര്‍ത്തിയായവര്‍ക്കെതിരായ ചൂഷണങ്ങളെ പരിഗണിച്ചിരുന്നത്. ഇതിനു മാറ്റം വരികയാണ്. സ്വന്തം അധികാരപരിധിയിലുള്ള മുതിര്‍ന്നവരെ ചൂഷണത്തിനു വിധേയമാക്കുന്നത് ഇനി കുട്ടികള്‍ക്കെതിരായ ചൂഷണം പോലെ തന്നെ കണക്കാക്കപ്പെടും. നിയമം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ രൂപതാതലങ്ങളില്‍ രൂപീകരിക്കുക ഈ നിയമമനുസരിച്ചു നിര്‍ബന്ധമാണ്.

ലൈംഗിക കുറ്റകൃത്യങ്ങള്‍ അതിന്‍റെ ഇരകള്‍ക്ക് ശാരീരികവും മനശ്ശാസ്ത്രപരവും ആത്മീയവുമായ വിനാശമുണ്ടാക്കുകയും വിശ്വാസിസമൂഹത്തെ ദ്രോഹിക്കുകയും ചെയ്യുന്നതായി ഉത്തരവില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇതു തടയാന്‍ സാര്‍വത്രികാടിസ്ഥാനത്തിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതു നല്ലതാണെന്നും പാപ്പാ പറഞ്ഞു.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലസൃഷ്ടികളുടെ ഉപയോഗം, കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണം, അധികാരമുപയോഗിച്ചുള്ള ലൈംഗികപ്രേരണ തുടങ്ങിയവ സംബന്ധിച്ച് രാഷ്ട്രനിയമപ്രകാരമോ സഭാനിയമപ്രകാരമോ ഉള്ള അന്വേഷണങ്ങളെ മൂടിവയ്ക്കാനുള്ള ശ്രമങ്ങളെയും ഈ നിയമം എതിര്‍ക്കുന്നുണ്ട്. മെത്രാന്‍ പദവിയിലുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മെത്രാപ്പോലീത്ത തലത്തിലുള്ളവര്‍ക്ക് ഉത്തരവാദിത്വമുണ്ടാകും. അന്വേഷണപുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് മുപ്പതു ദിവസം കൂടുമ്പോള്‍ മാര്‍പാപ്പയ്ക്ക് അയയ്ക്കുകയും 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും വേണം. യോഗ്യരായ അല്മായരുടെ സഹായം ഇത്തരം അന്വേഷണങ്ങള്‍ക്കു വേണ്ടി മെത്രാപ്പോലീത്തായ്ക്ക് ഉപയോഗപ്പെടുത്താം. മെത്രാന്‍ സംഘങ്ങള്‍ക്ക് ഇതിനായി പണം ഏര്‍പ്പാടാക്കുകയും ചെയ്യാവുന്നതാണ്.

ചൂഷണത്തെ കുറിച്ചോ അതു മൂടിവയ്ക്കാനുള്ള ശ്രമത്തെ കുറിച്ചോ അറിവു ലഭിക്കുന്ന പുരോഹിതനോ സന്യാസിയോ സന്യാസിനിയോ അത് ബന്ധപ്പെട്ട സഭാധികാരിയെ അറിയിക്കുക നിര്‍ബന്ധമാണെന്ന് ഈ നിയമം വ്യക്തമാക്കുന്നു. ഈ നിയമം സഭയിലെ അച്ചടക്കത്തിനു പുതിയ മാനം നല്‍കുമെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org