സഭയിലെ നേതൃത്വം ലൗകീകമല്ല -കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭയിലെ നേതൃത്വം ലൗകീകമല്ല -കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭയുടെ നേതൃത്വസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ലോകത്തിന്‍റെ സമ്മര്‍ദങ്ങളില്‍ വീണുപോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. എറണാകുളം-അങ്കമാലി, കൊച്ചി, വരാപ്പുഴ, കോതമംഗലം, ആലപ്പുഴ, മൂവാറ്റുപുഴ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികളുടെ പ്രാദേശിക സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭയിലെ നേതൃത്വസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ദൗത്യം മറക്കരുത്. ലൗകീക പ്രലോഭനങ്ങളില്‍ വീഴുന്നവര്‍ സഭയുടെ സാക്ഷ്യം നല്കുന്നതില്‍ പരാജയപ്പെടുമെന്നു മാത്രമല്ല, തടസ്സമാകുകയും ചെയ്യും. സഭയിലെ നേതൃത്വത്തിന്‍റെ സ്വഭാവം വ്യത്യസ്തമാണ്. അത് ദൈവവചനത്തില്‍ അധിഷ്ഠിതവും, സഭയുടെ പ്രബോധനങ്ങളാല്‍ നയിക്കപ്പെടുന്നതും ആത്മീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതുമാകണം. സഭയെ ഒരു ഭൗതിക സ്ഥാപനമാക്കി മാറ്റാനുള്ള പ്രവണത ആപത്ക്കരമാണ്. പ്രായപൂര്‍ത്തിയെത്തിയ കേരളസഭയുടെ ഇത്തരം പ്രലോഭനങ്ങള്‍ തിരിച്ചറിയണം. "ഓട്ടോ ഇമ്മ്യൂണ്‍ സിന്‍ഡ്രോം" എന്ന മാരകരോഗംപോലെ അത് സഭയെ അപകടപ്പെടുത്തും. ഇതിന്‍റെ സ്ഥാനത്ത് യഥാര്‍ഥ പ്രേഷിതചൈതന്യം തിരിച്ചുവരണം. ഓരോ ജീവിതവും ഒരു ദൗത്യമാണ്. ദൗത്യം മറന്ന വിളികള്‍ ഭിന്നത വിതയ്ക്കും. വിളിക്കനുസരിച്ച് ദൗത്യം നിര്‍വഹിക്കുന്നതാണ് വിശുദ്ധി. ശുശ്രൂഷകളുടെ സമന്വയത്തിലൂടെ ക്രിസ്തുവിന്‍റെ മുഖം ഇന്നലെ സമൂഹത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഓരോ അജപാലനസമിതിയും ജാഗ്രത പുലര്‍ത്തണം. സഭയില്‍ കൂട്ടായ്മയുടെ അരൂപി വളര്‍ത്തുന്നതില്‍ അജപാലന സമിതികള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ എബ്രഹാം മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. ജേക്കബ് പുന്നൂസ് ഐപിഎസ്, ലിഡാ ജേക്കബ് ഐഎഎസ്., ഷാജി ജോര്‍ജ് എന്നിവര്‍ 'സാക്ഷ്യവും ജാഗ്രതയും', 'സഭയും കേരളസമൂഹവും' എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കോതമംഗലം രൂപതാ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമാപനസന്ദേശം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org