സഭയുടെ ആശയവിനിമയം ഫലപ്രദവും കൃത്യവുമാകണം – ബിഷപ് തിയോഡര്‍ മസ്കരിനാസ്

സഭയുടെ ആശയവിനമയം വ്യക്തവും ഫലപ്രദവുമാകണമെന്നും പ്രതികരണങ്ങള്‍ സാവധാനത്തിലാകുമ്പോള്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണവും പരിധി വിടുന്നതുമായി തീരുമെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്കരിനാസ് പറഞ്ഞു. സഭയുടെ വാര്‍ത്താവിനിമയ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമായ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു വേണം സഭയുടെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കാന്‍. സഭയോടുള്ള വിശ്വസ്തതയും വിശ്വാസത്തിലുള്ള ഉറപ്പും പ്രതിബദ്ധതയും അതിന് അടിസ്ഥാനമാകണം — ബിഷപ് വിശദീകരിച്ചു. സഭയില്‍ മാധ്യമരംഗത്തും വാര്‍ത്താവിനിമയരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്കായി സിബിസിഐ യുടെ സാമൂഹ്യസമ്പര്‍ക്ക കമ്മീഷന്‍ വാരണാസിയില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ് തിയോഡര്‍ മസ്കരിനാസ്.

സത്യം വിളംബരപ്പെടുത്തിക്കൊണ്ട് നുണപ്രചാരണങ്ങളെയും വ്യാജവാര്‍ത്തകളെയും പ്രതിരോധിക്കാന്‍ കഴിയണമെന്ന് സിബിസിഐ സാമൂഹ്യ സമ്പര്‍ക്ക കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സാല്‍വദോര്‍ ലോബോ പറഞ്ഞു. സഭയുടെ മാധ്യമശുശ്രൂഷ നിര്‍വഹിക്കുന്നവര്‍ സദ്വാര്‍ത്തയുടെ അംബാസിഡര്‍മാരാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സത്യവാര്‍ത്തകളും വ്യാജവാര്‍ത്തകളും എന്ന വിഷയത്തില്‍ ഇന്ത്യന്‍ കറന്‍റ്സ് പത്രാധിപര്‍ ഫാ. സുരേഷ് മാത്യു പ്രബന്ധം അവതരിപ്പിച്ചു. വ്യാജവാര്‍ത്തകളുടെ സമകാലീന ലോകത്തില്‍ സഭയിലെ മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പ്രവാചകരായി, സഭയിലും രാജ്യത്തുമുള്ള തിന്മകളെ നിര്‍ഭയമായി അവതരിപ്പിക്കണം, അവയെ പ്രതിരോധിക്കാന്‍ യത്നിക്കണം. ബ്രേക്കിംഗ് ന്യൂസിലെ ആദ്യ വാര്‍ത്തകള്‍ക്കു വേണ്ടി സത്യം ഏറെ സഹിക്കുന്ന സാഹചര്യമാണുള്ളത് – ഫാ. സുരേഷ് പറഞ്ഞു. വാട്സാപ്പു പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയക്കാരും മറ്റും തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ വ്യാജവാര്‍ത്തകള്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org