അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ആ പാട്ട് വീണ്ടും

അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ആ പാട്ട് വീണ്ടും

ഒരു തലമുറയുടെ തന്നെ വിശ്വാസത്തിനും ആരാധനയ്ക്കും തനിമയും താളവും നല്കിയ സ്നേഹത്തിന്‍ മലരുകള്‍ തേടി എന്ന ഭക്തിഗാനം വീണ്ടും പുതിയ ഭാവങ്ങളോടെ യൂട്യൂബില്‍ അവതരിക്കുകയാണ്. 1970 കളുടെ തുടക്കത്തിലാണ് മലയാള ഭക്തിഗാന ശാഖയ്ക്ക് തനതായ സംഭാവനകള്‍ നല്കിയ യശ:ശരീരനായ ഫാ. ആബേല്‍ CMI രചിച്ച്, കെ. കെ ആന്‍റണി മാസ്റ്റര്‍ ഈണം പകര്‍ന്ന ഈ സുന്ദര ഗാനം പിറവി കൊണ്ടത്. 50 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് എറണാകുളം – അങ്കമാലി അതിരൂപതയുടെ SACRED MUSIC എന്ന പുതിയ യുട്യൂബ് ചാനല്‍ ആണ് ഈ ഗാനം പുനരവതരിപ്പിച്ചിരിക്കുന്നത്. റീമിക്സുകളും, അണ്‍പ്ലഗ്ഡ് വേര്‍ഷനുകളും തരംഗം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ തനതു ഗാനത്തിന്‍റെ തനിമയോ ലാളിത്യമോ ഒട്ടും ചോരാതെ ദേവാലയ സംഗീതത്തിന് ഉപയുക്തമായ സമൂഹ ഗാനാലാപനശൈലിയിലേക്ക് അതിനെ രൂപമാറ്റം വരുത്തി എന്നതാണ് ഈ ഗാനത്തിന്‍റെ പ്രസക്തി.

ദൈവജനത്തെ ആരാധനയ്ക്ക് സഹായിക്കുക എന്നതാണ് ഗായകസംഘത്തിന്‍റെ ശരിയായ ദൗത്യം എന്നിരിക്കേ പലപ്പോഴും ആരാധനയേക്കാള്‍ മുഴച്ചു നില്‍ക്കുന്ന സംഗീതാലപന ശൈലിയും, വാദ്യോപകരണ വിന്യാസവും, ഗാനമേള രീതിയിലുള്ള പ്രകടനങ്ങളും ആരാധനാക്രമ സംഗീതത്തെ വികലമാക്കാറുണ്ട്. അത്തരം ശൈലികളില്‍ നിന്ന് മാറി Choral Singing ന്‍റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സേക്രഡ് മ്യൂസികിന്‍റെ പുതിയ സംരംഭം. ഇത്തരമൊരു ദിശാബോധം ആരാധനക്രമ സംഗീതശാഖയ്ക്കും ഓരോ ഇടവകകളിലുമുള്ള ഗായക സംഘങ്ങള്‍ക്കും നല്കണമെന്ന ചിന്തയിലാണ് ഫാ. എബി ഇടശ്ശേരിയുടെ  നേതൃത്വത്തില്‍ സേക്രഡ് മ്യൂസിക് ഡിപാര്‍ട്മെന്‍റ് രൂപപ്പെട്ടതും, SACRED MUSIC എന്ന പേരില്‍ യുട്യൂബ് ചാനല്‍ തുടങ്ങിയതും. ഇതിന്‍റെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത് ഫാ. ജേക്കബ് കോറോത്ത്, ഫാ. ജെയിംസ് തൊട്ടിയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള PILGRIMS COMMUNICATIONS എന്ന എറണാകുളം- അങ്കമാലി അതിരൂപതയുടെ മാധ്യമ വിഭാഗമാണ്. ഇതിനോടകം ഒട്ടനവധി ഭക്തിഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ  ശ്രീ.  പ്രിന്‍സ് ജോസഫാണ് ഈ ഗാനത്തിന് പുതിയ രീതിയില്‍ ഓര്‍ക്കസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്.

ചിരപുരാതനമായ കാഞ്ഞൂര്‍ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയാണ് ആദ്യഗാന ചിത്രീകരണത്തിനു വേദിയായത്. കൂടാതെ സ്നേഹത്തിന്‍ മലരുകള്‍ തേടി എന്ന ഗാനം എങ്ങനെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്? അതിന്‍റെ ശൈലിയും രൂപവും എങ്ങനെ? ആലാപനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നെല്ലാം വിശദീകരിക്കുന്ന ടുട്ടോറിയല്‍ വീഡിയോ കൂടി ചാനല്‍ നല്കുന്നുണ്ട് എന്നത് ആരാധനക്രമ സംഗീതത്തോട് അഭിരുചിയുള്ളവര്‍ക്കും, ഗായകര്‍ക്കും വളരെ ഉപകാരപ്രദവുമാണ്. ഇത് കൂടാതെ മലയാളികളുടെ ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന നിരവധി ആരാധനക്രമ ഗാനങ്ങള്‍ ഇനിയും റിലീസ് ചെയ്യുവാനും സേക്രഡ് മ്യൂസിക് ഡിപാര്‍ട്മെന്‍റിന് പദ്ധതിയുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org