പ.മറിയത്തെ മാതൃകയാക്കാനാവശ്യപ്പെട്ടുകൊണ്ട് മാര്‍പാപ്പയുടെ യുവജനദിനസന്ദേശം

പ.മറിയത്തെ മാതൃകയാക്കാനാവശ്യപ്പെട്ടുകൊണ്ട് മാര്‍പാപ്പയുടെ യുവജനദിനസന്ദേശം

തങ്ങളെ ആവശ്യമുള്ളിടത്ത് പ. മറിയത്തെ പോലെ ഭയരഹിതമായി സ്വയം നല്‍കാനും സ്വന്തം മുദ്ര ലോകത്തില്‍ പതിപ്പിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളോട് ആവശ്യപ്പെട്ടു. സഭയ്ക്കും സമൂഹത്തിനും യുവജനങ്ങളെ ആവശ്യമുണ്ട്. നിങ്ങളുടെ പ ദ്ധതികളും ധീരതയും സ്വപ്നങ്ങളും ആദര്‍ശങ്ങളും മുരടിപ്പിന്‍റെ മതിലുകള്‍ തകര്‍ക്കുകയും കൂടുതല്‍ മെച്ചപ്പെട്ട ഭാവിയിലേയ്ക്കു നമ്മെ നയിക്കുന്ന വഴികള്‍ തുറക്കുകയും ചെയ്യും – വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. യുവജനദിനാഘോഷത്തിനു മുന്നോടിയായാണ് മാര്‍പാപ്പയുടെ സന്ദേശം. ഓശാന ഞായറാഴ്ചയാണ് രൂപതാടിസ്ഥാനത്തിലുള്ള യുവജനദിനാഘോഷം. അടുത്ത ആഗോള യുവജന ദിനാഘോഷം 2019 -ല്‍ പനാമയിലാണ്.
പ.മാതാവുമായി ശക്തമായ ഒരു സൗഹൃദമുണ്ടാക്കാന്‍ യുവജനങ്ങളോടു മാര്‍പാപ്പ ആഹ്വാനം ചെയ്യുന്നു. ഒരു അമ്മയോടെന്ന പോലെ അവളോടു സംസാരിക്കുക. മുതിര്‍ന്നവരില്‍ നിന്നു നിങ്ങള്‍ സ്വീകരിച്ച വിശ്വാസമെന്ന അമൂല്യദാനത്തിന് മാതാവിനോടു ചേര്‍ന്നു നന്ദി പറയുക. നിങ്ങളുടെ ജീവിതമാകെ മാതാവിനു സമര്‍പ്പിക്കുക. നിങ്ങളെ ശ്രവിക്കുകയും ആശ്ലേഷിക്കുകയും സ്നേഹിക്കുകയും നിങ്ങള്‍ക്കൊപ്പം നടക്കുകയും ചെയ്യുന്ന ഒരു നല്ല മാതാവാണ് മറിയം – മാര്‍പാപ്പ വിശദീകരിച്ചു.
"ശക്തനായവന്‍ എനിക്കു വന്‍കാര്യങ്ങള്‍ ചെയ്തു തന്നിരിക്കുന്നു" (ലൂക്ക 1:49) എന്നതാണ് അടുത്ത ആഗോളയുവജനദിനാഘോഷത്തിന്‍റെ പ്രമേയം. ദൈവം തനിക്കു ചെയ്തു തന്ന വന്‍കാര്യങ്ങളെ തിരിച്ചറിയുകയും അതിനു നന്ദി പറയുകയും അതിനെ പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്തയാളാണ് പ. മറിയം. പ്രിയ യുവജനങ്ങളേ ദൈവം നിങ്ങളെയും നിരീക്ഷിക്കുകയും വിളിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ക്കു നല്‍കാന്‍ കഴിയുന്ന സ്നേഹത്തിലേയ്ക്കാണ് അവിടുന്ന് ഉറ്റു നോക്കുന്നത് – മാര്‍പാപ്പ പറഞ്ഞു. 2016 മുതല്‍ 19 വരെയുള്ള യുവജനദിനാഘോഷങ്ങള്‍ക്കെല്ലാം മരിയന്‍ പ്രമേയങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org