സാഗര്‍ രൂപതയിലെ കത്തോലിക്കാ കോളജിലും സ്കൂളിലും ‘ആരതി’ നടത്തുമെന്നു ഹൈന്ദവ സംഘടനയുടെ ഭീഷണി

സാഗര്‍ രൂപതയിലെ കത്തോലിക്കാ കോളജിലും സ്കൂളിലും ‘ആരതി’ നടത്തുമെന്നു ഹൈന്ദവ സംഘടനയുടെ ഭീഷണി

മധ്യപ്രദേശിലെ സാഗര്‍ രൂപതയിലെ കത്തോലിക്കാ സഭയുടെ സെന്‍റ് മേരീസ് പി ജി കോളജില്‍ 'ഭാരതമാതായുടെ ആരതി' നടത്താനുള്ള ബിജെപി യുടെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്‍റെ (എബിവിപി) ശ്രമം പൊലീസ് തടഞ്ഞു. എന്നാല്‍ ജനുവരി 16 ന് കോളജിലും രൂപതയിലെതന്നെ മറ്റൊരു സ്കൂളിലും ആരതി നടത്തുമെന്ന് എബിവിപിയും ഹിന്ദുവര്‍ഗ്ഗീയ സംഘടനയായ സനാതന സംഘവും ഭീഷണി മുഴക്കിയിരിക്കുകയാണ്.

ജനുവരി നാലിനാണ് സെന്‍റ് മേരീസ് കോളജില്‍ ആരതി നടത്താന്‍ എബിവിപി ശ്രമിച്ചത്. കോളജ് കാമ്പസില്‍ ആരതി നടത്താന്‍ അനുവദിക്കില്ലെന്ന് കോളജ് മാനേജുമെന്‍റും ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നു. ആരതി തടയാന്‍ ഇരുനൂറോളം പൊലീസുകാരെ സജ്ജരാക്കിയിരുന്നു. എന്നാല്‍ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ചില വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ കയറി ആരതി നടത്താന്‍ മുതിര്‍ന്നു. ഈ സമയത്ത് പുറത്തുനിന്നവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും കോളജിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. എന്നാല്‍ അവരെ പൊലീസ് തടഞ്ഞു. കാമ്പസിനു പുറത്ത് ആരതി നടത്താന്‍ അനുവദിച്ചതിനെത്തുടര്‍ന്നാണ് രംഗം ശാന്തമായത്. എന്നാല്‍ എബിവിപിക്കു പിന്തുണ നല്കി ജനുവരി 16 ന് കോളജില്‍ വീണ്ടും ആരതി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സനാതന സംഘം എന്ന ഹൈന്ദവ സംഘടന. ഇതിനായി സംസ്ഥാനത്തിന്‍റെ ഇതര ഭാഗങ്ങളില്‍ നിന്നു പ്രതിനിധികളെ കൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം സാഗര്‍ രൂപതിയില്‍പെട്ട നിര്‍മ്മല കൊണ്‍വെന്‍റ് സ്കൂളില്‍ എത്തിയ ഹിന്ദു സംഘടനാ പ്രതിനിധികള്‍, ജനുവരി 16 ന് സ്കൂളില്‍ ആരതി നടത്തുമെന്ന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഹിന്ദു വര്‍ഗ്ഗീയ സംഘടനകളുടെ ഈ ആവശ്യത്തിനു നിയമസാധുത ഇല്ലെന്ന് സെന്‍റ് മേരീസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഷാജു ദേവസ്യ പറഞ്ഞു. സര്‍ക്കാരില്‍ നിന്നോ യൂണിവേഴ്സിറ്റിയില്‍ നിന്നോ ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സെന്‍റ് മേരീസ് കോളജിലെ 95 ശതമാനം വിദ്യാര്‍ത്ഥികളും അക്രൈസ്തവരാണ് .

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org