സഹയാത്ര എബിലിറ്റി ഫെസ്റ്റ്

സഹയാത്ര എബിലിറ്റി ഫെസ്റ്റ്

കൊച്ചി: സാമൂഹ്യസംവിധാനങ്ങള്‍ കഴിയുന്നത്ര ഭിന്നശേഷി സൗഹൃദങ്ങളാക്കുന്നതിലൂടെ ഏവരെയും ഉള്‍ക്കൊള്ളുന്ന സമൂഹം എന്ന ലക്ഷ്യത്തില്‍ ഭാരതത്തിനു മാതൃകയാകാന്‍ കേരളത്തിനു കഴിയുമെന്ന് ദക്ഷിണ റെയില്‍വേ റീജിയണല്‍ മാനേജര്‍ ആര്‍. ഹരികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ, അന്തര്‍ദേശീയ വികലാംഗ ദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സഹയാത്ര എബിലിറ്റി ഫെസ്റ്റിന്‍റെ എറണാകുളം മേഖലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മനോഭാവത്തോടെ നടപ്പാക്കിയ ചില ക്രമീകരണങ്ങളാണ് ഇന്ത്യയിലെ ആദ്യഭിന്നശേഷി സൗഹൃദ റെയില്‍വേ സ്റ്റേഷനായി എറണാകുളം സൗത്ത് സ്റ്റേഷന്‍ തെരഞ്ഞെടുക്കപ്പെടാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെന്‍റ് മേരീസ് ബസിലിക്ക പാരിഷ് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ അതിരൂപത അപ്പസ്തോലിക്ക അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷനായിരുന്നു. ജന്മനാ ചലനശേഷിയില്ലെങ്കിലും രണ്ടു ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ അഞ്ജുറാണി ജോയി വികലാംഗദിന സന്ദേശം നല്‍കി. സാമൂഹ്യനീതി വകുപ്പ് റീജിയണല്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ പ്രീതി വിന്‍സെന്‍റ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സബ് റീജിയണല്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍ സുരേഷ് ബാബു പുനരധിവാസപദ്ധതി സഹായവിതരണവും അതിരൂപത വൈസ് ചാന്‍സലര്‍ ഫാ. ബിജു പെരുമായന്‍ കുടുംബകൃഷി പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. സഹൃദയ പ്രകൃതിവിചാരം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഫോട്ടോമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന വിതരണം ചെയ്തു. കൊച്ചി നഗരസഭാ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, ഡി.പി. വേള്‍ഡ് ആരോഗ്യ, സുരക്ഷാവിഭാഗം മാനേജര്‍ ബൈജു എബ്രഹാം, സഹൃദയ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. പീറ്റര്‍ തിരുതനത്തില്‍, ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, സെലിന്‍ പോള്‍, ഷാനോ ജോസ്, സിസ്റ്റര്‍ ജെയ്സി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org