സഹൃദയ കാരുണ്യ ഇന്‍ഷുറന്‍സ് രണ്ടാം ഘട്ടം മെയ് 15 മുതല്‍

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചു നടപ്പാക്കുന്ന സഹൃദയ കാരുണ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടാം ഘട്ടത്തിന്‍റെ പുതുക്കിയ പോളിസി മേയ് 15 ന് പ്രാബല്യത്തില്‍ വരും. 2018 ഫെബ്രുവരി 14 വരെ 9 മാസമാണ് പോളിസി കാലാവധി. അംഗമായി ചേരുന്നതിന് പ്രായപരിധി ബാധകമല്ലാത്ത ഈ പദ്ധതിയില്‍ ചികിത്സാസഹായം കൂടാതെ അപകടമരണത്തിന് നഷ്ടപരിഹാരവും ലഭ്യമാണ്.

ഒരംഗത്തിന് 645/- രൂപയാണ് പ്രീമിയമായി നല്‍കേണ്ടത്. അംഗീകൃത ആശുപത്രികളില്‍ 24 മണിക്കൂറെങ്കിലും കിടത്തിചികിത്സകള്‍ക്ക് പോളിസി കാലാവധിയില്‍ 50,000/- രൂപ വരെ ചി കിത്സാസഹായം ലഭിക്കും. പദ്ധതിയുടെ നിബന്ധനകള്‍ക്കു വിധേയമായി നിലവിലുള്ള അസുഖങ്ങള്‍ക്കും ചികിത്സാസഹായം ലഭ്യമാണ്. ഡയാലിസീസ്, കീമോ തെറാപ്പി, റേഡിയോ തെറാപ്പി, നേത്രശസ്ത്രക്രിയ എന്നിവ ക്ലെയിം ചെയ്യുന്നതിന് 24 മണിക്കൂര്‍ കിടത്തി ചികിത്സ ആവശ്യമില്ല. ആശുപത്രിയിലെ ചികിത്സകള്‍ക്ക് റീഇംബേഴ്സ്മെന്‍റ് രീതിയിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. അംഗത്തിന് അപകടമരണം സംഭവിച്ചാല്‍ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും.

എറണാകുളം – അങ്കമാലി അതിരൂപതയിലെ കുടുംബങ്ങള്‍, സഹൃദയസംഘം കുടുംബങ്ങള്‍, തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നത്. അതിരൂപതയിലെ ഇടവക പള്ളികള്‍, സഹൃദയ മേഖലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പദ്ധതിയില്‍ ചേ രുന്നതിനുള്ള അപേക്ഷാ ഫോമുകള്‍ ലഭ്യമാണ്. പദ്ധതിയില്‍ അംഗത്വം നേടുന്നതിനുള്ള അവസാന തീയതി മേയ് 13. കഴിഞ്ഞ തവണ പദ്ധതിയില്‍ അംഗത്വം എടുക്കുവാന്‍ കഴിയാത്തവര്‍ക്കും നിലവിലുള്ള പദ്ധതി പുതുക്കുവാനുള്ളവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org