സമാധാനം ഒരു ദാനവും ദൗത്യവും: ഫ്രാന്‍സിസ് മാര്‍പാപ്പ

Published on

സംഭാഷണം നമ്മുടെ മാര്‍ഗമായും പരസ്പരധാരണ നമ്മുടെ പെരുമാറ്റച്ചട്ടമായും പരസ്പരാദരവ് രീതിയായും സ്വീകരിച്ചാല്‍ മാത്രമേ സമാധാനം സാദ്ധ്യമാകൂ എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. സമാധാനം ദാനവും അതേസമയം നമ്മുടെ ദൗത്യവുമാണെന്നു പാപ്പാ വ്യക്തമാക്കി. ബള്‍ഗേറിയയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഒരു സര്‍വമതസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ. ഓര്‍ത്തഡോക്സ്, യഹൂദ, പ്രൊട്ടസ്റ്റന്‍റ്, മുസ്ലീം, അര്‍മീനിയന്‍ അപ്പസ്തോലിക് വിഭാഗങ്ങളുടെ നേതാക്കള്‍ സമ്മേളനത്തില്‍ മാര്‍പാപ്പയ്ക്കൊപ്പം വേദി പങ്കിട്ടു.

സമാധാനത്തിനു വേണ്ടി നാം പ്രവര്‍ത്തിക്കുകയും അതൊരു അനുഗ്രഹമായി സ്വീകരിക്കുകയും വേണമെന്നു മാര്‍പാപ്പ വ്യക്തമാക്കി. സമാധാനം ഒരു മൗലികാവകാശമായി മാനിക്കപ്പെടുന്ന ഒരു സംസ്കാരം പടുത്തുയര്‍ത്താന്‍ നാം നിരന്തരമായി ശ്രമിക്കണം. സെ. ഫ്രാന്‍സിസ് ഒരു യഥാര്‍ത്ഥ സമാധാന സ്ഥാപകന്‍ ആയിരുന്നു. തന്നെ സമാധാനത്തിന്‍റെ ഒരുപകരണമാക്കേണമേ എന്നു പ്രാര്‍ത്ഥിച്ച സെ. ഫ്രാന്‍സിസ് സൃഷ്ടിജാലത്തിന്‍റെ സൗന്ദര്യത്തോടും തന്‍റെ തീര്‍ത്ഥാടനപാതയില്‍ കണ്ടുമുട്ടുന്നവരോടും ആഴമേറിയ ആദരവു പുലര്‍ത്തി. സമാധാന സ്രഷ്ടാക്കളായിക്കൊണ്ട് അദ്ദേഹത്തിന്‍റെ പാത പിന്തുടരാനാണ് നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്. സ്നേഹത്തിന്‍റെ അഗ്നികൊണ്ട് നമുക്കു യുദ്ധത്തിന്‍റെയും സംഘര്‍ഷത്തിന്‍റേയും മഞ്ഞുരുക്കാം – മാര്‍പാപ്പ പറഞ്ഞു.

മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ബള്‍ഗേറിയായിലേയ്ക്കു മാര്‍പാപ്പ നടത്തിയ സന്ദര്‍ശനം വന്‍വിജയമായി. വലിയ ജനക്കൂട്ടങ്ങള്‍ മാര്‍പാപ്പയുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org